കൊച്ചി: സിനിമകളിൽ അഭിനയിച്ചതിന് കൃത്യമായ പ്രതിഫലം കിട്ടുന്നതൊക്കെ പ്രയാസമുള്ള കാര്യമാണ്. ചില നിര്‍മാതാക്കള്‍ക്ക് പൈസ കൊടുക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പിന്നെ തരുന്ന നല്ല മനസുള്ളവരും ഉണ്ട്.
സിനിമയിലേക്ക് അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ തന്നെ ചേട്ടാ ഒരു ചെറിയ പടമാണ്. വന്ന് സഹകരിക്കണമെന്ന് ഒക്കെ പറയും. എത്ര തരുമെന്ന് ചോദിക്കുമ്പോള്‍ ഇത്രയേ ഉള്ളുവെന്ന് പറഞ്ഞ് തരും.
എടുത്ത് നോക്കിയാല്‍ കാര്യമായി ഉണ്ടാവില്ല. അതും കൊണ്ട് അവിടെ കിടന്ന് പ്രശ്നമുണ്ടാക്കുന്നതിലും ഭേദം മിണ്ടാതിരിക്കുന്നതാണ്. കാരണം എത്ര പ്രശ്നം ഉണ്ടാക്കിയാലും കൂടുതല്‍ കിട്ടാന്‍ പോകുന്നില്ല.
പിന്നെ എന്നെയങ്ങ് കട്ട് ചെയ്ത് കളയുകയേയുള്ളു. അതുകൊണ്ട് ഒന്നും കൂടുതലായി ചോദിക്കാറില്ല. ചിലര്‍ തരും, തരുന്നത് വാങ്ങും. ഒട്ടും തരാതെ പറ്റിക്കാറില്ല. തരാനുള്ളത് വളരെ കുറച്ച് തരികയാണ് ചെയ്യുന്നത്.
അമ്പതിനായിരം പറഞ്ഞിട്ട് പതിനായിരം തരും. ഇതേ ഉള്ളുവെന്ന് പറഞ്ഞാണ് ചിലര്‍ പൈസ തരിക. മൂവായിരം, അയ്യായിരം രൂപയൊക്കെയാണ് എനിക്ക് ആദ്യമൊക്കെ കിട്ടിയിരുന്നത്. -കോട്ടയം പുരുഷൻ