സിനിമാ ഷൂട്ടിംഗ് സെറ്റ് തകർത്ത സംഭവം – കല കുവൈറ്റ് അപലപിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 25, 2020

കുവൈറ്റ് സിറ്റി: സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി കാലടി പ്രദേശത്ത് തയ്യാറാക്കിയിരുന്ന സെറ്റ് സംഘപരിവാർ-ബജ്റംഗ്ദൾ ആക്രമിച്ച് തകർത്തതിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അപലപിച്ചു. കലയ്‌ക്കും സാഹിത്യത്തിനുമെതിരെ സംഘപരിവാറും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര നീക്കത്തിന്റെ ഭാഗമാണിത്‌.

സ്വതന്ത്രമായ ആശയ പ്രചാരണങ്ങളെ തകർക്കാനുള്ള കുൽസിത നീക്കം സിനിമയെ പോലും ഭയപ്പെടുന്ന മതതീവ്രവാദ സംഘടനകൾ, സഹവർത്തിത്വത്തിനും മതനിരപേക്ഷതയ്ക്കും വിഘാതമായി നിൽക്കുന്നു.

ഇത്തരം പിന്തിരിപ്പൻ ശക്തികളെ നിയമപരമായിത്തന്നെ നേരിടേണ്ടത് ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നമ്മുടെ കടമയാണ്. കോവിഡ്-19 പ്രതിരോധത്തിന്റെ ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾക്കിടയിലെ ഐക്യം തകർത്ത്‌ മതപരമായി വിഭജിക്കാനുള്ള നീക്കത്തെ മതനിരപേക്ഷ കേരളം ചെറുത്തു തോൽപ്പിക്കണമെന്ന് കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അഭിപ്രായപ്പെട്ടു .

×