/sathyam/media/media_files/2025/09/09/ce_sanalsasidharanedit-2025-09-09-10-05-16.jpg)
കൊച്ചി: നടിയെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസിനെത്തുടര്‍ന്ന് ഞായഴാഴ്ചയാണ് സനല്‍ കുമാറിനെ വിമാനത്താവളത്തില്‍ തടഞ്ഞത്.
പിന്തുടര്‍ന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനല്‍കുമാര്‍ ശശിധരനെതിരെ ജനുവരിയില്‍ കേസെടുത്തത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി ഇ- മെയിലില്‍ നല്‍കിയ പരാതി എളമക്കര പോലീസിനു കൈമാറുകയായിരുന്നു. സംഭവത്തില്‍ നടി പൊലീസിനു മൊഴി നല്‍കിയതാണ്. കേസെടുക്കുമ്പോള്‍ സനല്‍ കുമാര്‍ യുഎസില്‍ ആയിരുന്നു. സനല്‍ കുമാര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണു വിമാനത്താവളത്തില്‍ തടഞ്ഞത്.
നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സനല്‍കുമാര്‍ ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരം പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ നിന്നു നീക്കാന്‍ പോലീസ് നടപടിയെടുത്തിരുന്നു.
മുമ്പ് സനലിനെതിരെ നല്‍കിയ പരാതിയില്‍ കേസ് നിലനില്‍ക്കെ, വീണ്ടും പിന്തുടര്‍ന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പോലീസിനെ സമീപിച്ചത്.