/sathyam/media/media_files/UEEajv1AigQfrSjj5FdI.jpg)
പ്രേക്ഷകരെ ചിന്തിപ്പിക്കുക, കരയിപ്പിക്കുക എന്നതിലപ്പുറമായി പ്രേക്ഷകരെ ഏതെല്ലാം വിധത്തില്‍ പൊട്ടിച്ചിരിപ്പിക്കാമെന്നാണ് സംവിധായകന്‍ സിദ്ദീഖിന്റെ സിനിമകള്‍ സംസാരിച്ചിരുന്നത്. പരമാവധി എന്റര്‍ടെയ്ന്‍മെന്റ് എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരുപാട് താരങ്ങളെ അദ്ദേഹം സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തുകയുമുണ്ടായി. നിരവധി പുതുമുഖങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ സിനിമയെന്ന വലിയ ലോകത്തേക്ക് കാലെടുത്തു വച്ചു.
എന്നാല്‍, നര്‍മ്മത്തിന്റെ പരമാവധി പ്രേക്ഷകരിലേക്ക് വാരി വിതറുമ്പോഴും അദ്ദേഹത്തിന്റെ മനസില്‍ നീറ്റലായി നിലകൊണ്ട ഒരു വേദനയായിരുന്നു തന്റെ മകളുടെ അസുഖം. മുമ്പ് ഒരു ചാനലിലൂടെ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു.
''1984ലായിരുന്നു വിവാഹം. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഒരു വേദന എന്റെ മനസിലുണ്ട്. തുറന്ന് പറയുന്നത് കൊണ്ട് പ്രായാസമില്ല. എന്റെ ഇളയമകള്‍ വികലാംഗയാണ്. അതെന്നും എന്റെ ദുഃഖമാണ്. നമ്മള്‍ തീരുമാനിക്കുന്ന കാര്യമല്ലത്. ആരെയും പഴിച്ചിട്ട് കാര്യവുമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ട് പോകാന്‍ മാത്രമേ ഞങ്ങള്‍ക്ക് പറ്റൂ.
കുടുംബം എന്റെ വീക്‌നെസാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതും. എന്നോടൊപ്പം പുറത്ത് പോകാന്‍ ആഗ്രഹിച്ചാണ് അവരെന്നെ കാത്തിരിക്കുന്നത്. എനിക്ക് വേണ്ടി അവര്‍ ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട് '' എന്നാണ് സിദ്ദീഖ് അന്നു പറഞ്ഞത്.
ഇസ്മയില്‍ ഹാജി-സൈനബ എന്നിവരാണ് സിദ്ദീഖിന്റെ മാതാപിതാക്കള്‍. സജിതയാണ് ഭാര്യ. സുമയ, സാറ, സുകൂന്‍ എന്നിവരാണ് സിദ്ദീഖിന്റെ മൂന്നു പെണ്‍മക്കള്‍.