മലയാളികളെല്ലാം അംഗീകരിക്കുന്നതു കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല, വ്യക്തിത്വം നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്തതെന്നും നടന്‍ രമേശ് പിഷാരടി. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി.
'' ജയ് ശ്രീറാം വിളിച്ചാല്‍ സംഘിയെന്ന് ചാപ്പയടിക്കരുത്. ബി.ജെ.പിയെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നതിനു പകരം ഹിന്ദുമത്തെ വിമര്‍ശിച്ചാല്‍ ഹിന്ദുക്കള്‍ അവര്‍ക്കൊപ്പം ചേരും. ഹിന്ദുത്വ അജണ്ടകളുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍, നിയമാനുസൃതമായ രീതിയിലാണ് തൃശൂരില്‍ വോട്ടെടുപ്പ് നടന്നത്. മലയാളികളെല്ലാം അംഗീകരിക്കുന്നതു കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. അദ്ദേഹത്തിന്റെ വിജയത്തെ സാമാന്യവല്‍ക്കരിക്കുന്നതില്‍ പ്രശ്നമുണ്ട്. രാഷ്ട്രീയം നോക്കിയല്ല, വ്യക്തിത്വം കണ്ടാണ് സുരേഷ് ഗോപിക്ക് വോട്ട് ചെയ്തതെന്നു പലരും പറയുന്നുണ്ട്.
ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടി നോക്കേണ്ടതുണ്ടെന്നു ചിലര്‍ പറയാറുണ്ട്. അങ്ങനെ പറയുന്നത് പ്രശ്നകരമാണെന്നും പിഷാരടി പറഞ്ഞു. ഇസ്ലാം മതവിശ്വാസികള്‍ക്ക് എല്ലാ മുസ്ലിം വിശ്വാസികളും തീവ്രവാദികളല്ലാ എന്നു പറയേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ഇസ്ലാം എന്നു പറഞ്ഞാല്‍ അപ്പോള്‍ത്തന്നെ ഇതു പറയും.
എന്തുകൊണ്ടാണ് പല ഹിന്ദുക്കള്‍ക്കും എല്ലാ ഹിന്ദുക്കളും സംഘികളല്ല എന്നു പറയേണ്ടിവരുന്നത്? ഇതെല്ലാം സാമാന്യവല്‍ക്കരിക്കപ്പെടുന്നതുകൊണ്ടാണ്. ഒരാള്‍ ബി.ജെ.പിയില്‍ ആതുകൊണ്ടോ ഇസ്ലാമില്‍ ആയതു കൊണ്ടോ ഹിന്ദു മതത്തില്‍ ആയതുകൊണ്ടോ കോണ്‍ഗ്രസിലോ കമ്മ്യൂണിസ്റ്റിലോ ആയതുകൊണ്ടൊന്നും അയാളുടെ സ്വഭാവത്തെ അതു കാര്യമായി നിര്‍ണയിക്കുന്നില്ല.
എല്ലാ പാര്‍ട്ടിയിലും എല്ലാ മതത്തിലും എല്ലാ ജാതിയിലും നല്ലവനും ചീത്തവനുമുണ്ട്. ഇവിടെ കൊലപാതകം ചെയ്തവരും ജയിലില്‍ കിടക്കുന്നവരുമെല്ലാം അമ്പലത്തില്‍ പോയവരും വിശ്വാസികളും എല്ലാമാണ്. ഇത് എല്ലാ പാര്‍ട്ടിയിലുമുണ്ട്.
അതുകൊണ്ട് അതിനെ സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ല. വോട്ട് ചെയ്യുമ്പോള്‍ സ്ഥാനാര്‍ഥിയുടെ നേതൃപാടവവും മുന്‍ നിലപാടുകളും പ്രസ്താവനകളുമെല്ലാം വിലയിരുത്തി നാടിനും സമൂഹത്തിനും ഗുണകരമാകുമോ, അതോ അയാളുടെ പാര്‍ട്ടിക്കു മാത്രമേ ഗുണകരമാകൂ എന്നു നോക്കണം.
നമ്മള്‍ പലപ്പോഴും പാര്‍ട്ടി അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്. പാര്‍ട്ടി ആശയങ്ങള്‍ കൂടി കണക്കാക്കിയാകും അത്. എല്ലാ പാര്‍ട്ടിയിലും നല്ലവരും ചീത്തവരുമുണ്ട്. നല്ലയാള്‍ എവിടെയായാലും നല്ല കാര്യങ്ങളും നന്മകളുമെല്ലാം ചെയ്യും.
മോശം സ്വഭാവമുള്ള, മോശം ഗുണങ്ങളുള്ളയാള്‍ക്ക് എവിടെ നിന്നാലും അത്രയൊക്കെയേ ചെയ്യാനാകൂ. നേതാക്കളുടെ ആശയധാരയും നോക്കണമെങ്കിലും പാര്‍ട്ടികള്‍ പറയുന്ന എല്ലാ ആശയവവും എല്ലാവരും പിന്തുടരുന്നില്ല'' - രമേഷ് പിഷാരടി പറഞ്ഞു.