Advertisment

ഒരു താടി വച്ച പയ്യന്‍ രാവിലെ വന്ന് ഒരു കസേരയില്‍ ഇരിക്കും, സാധാരണ റിഹേഴ്‌സല്‍ ക്യാമ്പില്‍ പരിചയമില്ലാത്തവര്‍ ഇരിക്കില്ല, രണ്ടു മൂന്നു ദിവസമായപ്പോള്‍ ഞാന്‍ തിരക്കി ആരാണതെന്ന്, അപ്പോള്‍ ഓര്‍ണര്‍ ചാച്ചപ്പന്‍ പറഞ്ഞു: അയ്യോ അറിയില്ലേ, കെ.ജി. ജോര്‍ജാണ്, പൂനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സിനിമാ സംവിധാനത്തിന് സ്വര്‍ണമെഡല്‍ വാങ്ങിയ ആളാണ്; മരണവും ഒരേ മാസം, ഒരേ ദിവസം: തങ്ങള്‍ക്കിടയിലെ അപൂര്‍വ്വ സൗഹൃദം തിലകന്‍ അന്നു പറഞ്ഞത്

 തിലകന്‍ വിട പറഞ്ഞിട്ട് 10 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സെപ്റ്റംബര്‍ 24ന് തന്നെയാണ് കെ.ജി. ജോര്‍ജിന്റെയും നിര്യാണം.

author-image
നീനു മാത്യു
New Update
thilakan and kg

അന്തരിച്ച പ്രശസ്ത നടന്‍ തിലകനും കെ.ജി. ജോര്‍ജും തമ്മില്‍ ആഴത്തിലുള്ള സൗഹൃദബന്ധം നിലനിന്നിരുന്നു. കെ.ജി. ജോര്‍ജിന്റെ സിനിമളിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായും തിലകന്‍ അഭിനയിച്ചിരുന്നു. തിലകന്‍ വിട പറഞ്ഞിട്ട് 10 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സെപ്റ്റംബര്‍ 24ന് തന്നെയാണ് കെ.ജി. ജോര്‍ജിന്റെയും നിര്യാണം.

 

ഇരുവരും പരസ്പരം വിളിച്ചിരുന്നതും 'ആശാന്‍' എന്നായിരുന്നു.  ഒരിക്കല്‍ അമൃത ടി.വിയിലെ 'സമാഗമം' പരിപാടിയില്‍ തിലകന്‍ കെ.ജി. ജോര്‍ജിനെ ആദ്യമായി പരിചയപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമയിലേക്ക് അഭിനയിക്കാനെത്തിയതും ഇരുവരുടെയും ലൊക്കേഷന്‍ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞതിങ്ങനെ...

Advertisment

'' ഞങ്ങള്‍ പരസ്പരം വിളിച്ചിരുന്നത് ആശാന്‍ എന്നാണ്. ഇതില്‍ ആരാണ് ആശാന്‍, ആരാണ് ശിഷ്യന്‍ എന്നൊന്നില്ല. അദ്ദേഹത്തില്‍നിന്ന് എനിക്ക് പഠിക്കാനുണ്ട്. എന്നില്‍നിന്ന് അദ്ദേഹത്തിനും പഠിക്കാനുണ്ട്. ആശാന്‍ എന്ന് വിളിക്കുന്നതില്‍ ബഹുമാനവുമുണ്ട്, സൗഹൃദവുമുണ്ട്. 

ഞാന്‍ സിനിമയില്‍ വരുന്നത് 73ലാണ്. പി.ജെ. ആന്റണിയാണ് എന്നെ ആദ്യം കൊണ്ടുവരുന്നത്. അേതസമയം തന്നെ ഉദയായുടെ 'ഗന്ധര്‍വ്വക്ഷേത്രം' എന്ന ചിത്രത്തിലും അഭിനയിച്ചു. ഇതിന് ശേഷം ഞാന്‍ ആറു വര്‍ഷം ഞാന്‍ നാടകത്തില്‍ തന്നെയായിരുന്നു. ഇതിനിടെ ആരും എന്നെ സിനിമയിലേക്ക് വിളിച്ചില്ല. ഞാനും ചാന്‍സ് ചോദിച്ച് പോയതുമില്ല. 

ഒരിക്കല്‍ ഞാന്‍ എന്റെ തറവാട് നോക്കാനൊക്കെയായി അവിടെ പോയി താമസിച്ചു. അങ്ങനെ ജീവിക്കുന്ന സമയത്ത്. രാവിലെ ജോലിയൊക്കെ കഴിഞ്ഞാല്‍ വെറുതെ ഇരിപ്പാണ്. അപ്പോള്‍ 56 എന്നൊരു കളിയുണ്ട്. വളരെ വാശിയില്‍ അതു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് പരിചയമുള്ള ഒരാള്‍ ഒരെഴുത്ത് കൊണ്ടുവന്ന് തരികയാണ്. മുണ്ടക്കയത്ത് നിന്ന്. 

അപ്പൂട്ടി എന്നൊരാളുണ്ട്. എന്റെ ബാല്യകാല സുഹൃത്തും കൂടെ പഠിച്ചതുമാണ്. ഞാന്‍ ആ എഴുത്ത് തുറന്ന് വായിച്ചു. '' ഞാനൊരു പടമെടുക്കുന്നുണ്ട്. അത് കെ.ജി. ജോര്‍ജെന്നയാളാണ് സംവിധാനം ചെയ്യുന്നത്. അതില്‍ ആശാന്‍ ഒരു വേഷം ചെയ്യണം. ബുദ്ധിമുട്ടിലെങ്കില്‍ സഹകരിക്കുക. ചെയ്യാമെങ്കില്‍ ഇന്നിന്ന തീയതികളില്‍ പറ്റുമോയെന്ന് അറിയിക്കണം. ഇതിന്റെ മാര്‍ജിനില്‍ എഴുതി അയച്ചാല്‍ മതി''

എന്നാണ് കത്തില്‍. ഞാനുടന്‍ അതില്‍ ഡേറ്റ് എഴുതി അയച്ചു. കാശൊന്നും പറഞ്ഞില്ല. അങ്ങനെയാണ് ഞാന്‍ ആദ്യമായി ഉള്‍ക്കടലില്‍ അഭിനയിക്കുന്നത്. 

അതിന് മുമ്പ് എനിക്ക് കെ.ജി. ജോര്‍ജിനെ പരിചയമുണ്ട്. മണ്ണ് എന്ന നാടകം ചങ്ങനാശേരിയില്‍ ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ കെട്ടിയ ഷെഡില്‍ റിഹേഴ്‌സല്‍ നടക്കുകയാണ്. അന്ന് ഒരു താടി വച്ച പയ്യന്‍ രാവിലെ 9ന് വരും. ഒരു കസേരയില്‍ ഇരിക്കും. രണ്ടു മൂന്നു ദിവസമായപ്പോള്‍ ഞാന്‍ ചോദിച്ചു; ആരാ ആ ഇരിക്കുന്നത്..? 

സാധാരണ റിഹേഴ്‌സല്‍ ക്യാമ്പില്‍ പരിചയമില്ലാത്തവര്‍ ഇരിക്കില്ലല്ലോ. അതിന്റെ ഓര്‍ണര്‍ ചാച്ചപ്പന്റെ ആരെങ്കിലുമാണെന്നോര്‍ത്തു. അദ്ദേഹം പെട്ടെന്ന് എന്നോട് പറഞ്ഞു; അയ്യോ അറിയില്ലേ ആരാണെന്ന്...? പൂനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സിനിമാ സംവിധാനത്തിന് സ്വര്‍ണമെഡല്‍ വാങ്ങിയിറങ്ങിയ ആളാണ്. പേര് കെ.ജി. ജോര്‍ജ്.. അങ്ങനെയാണ് ഞാന്‍ േജാര്‍ജാശാനുമായി പരിചയപ്പെടുന്നത്. 

ഇതു നാടകത്തില്‍ അഭിനയിക്കുന്ന തിലകന്‍ തന്നെയാണോ എന്ന് ജോര്‍ജാശാന്‍ അവിടെ ചോദിച്ചതായും ഞാന്‍ അറിഞ്ഞു. ആ സമയത്ത് എന്റെ കൈയ്യില്‍ ഒരു ബുക്കുണ്ട്. 'ഒരു ഗ്രാമത്തിന്റെ ആത്മാവ്' ഒരു നോവലാണ്. ഞാനത് ഇദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. ഇദ്ദേഹമത് വായിച്ചു നോക്കിയിട്ട് ഒരു നാലു ദിവസം കഴിഞ്ഞ് പറഞ്ഞു: ആശാനെ അതുകൊള്ളാം, നല്ല വര്‍ക്കാ, നമുക്ക് ചെയ്യാമെന്ന്...''

Advertisment