നായകനായും വില്ലനായും ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം നേടിയ നടനാണ് നിഷാന്ത് സാഗര്‍. എന്നാല്‍, വളരെ കാലത്തിനുശേഷം ആര്‍ഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ വില്ലനായി വീണ്ടുമെത്തിയ നിഷാന്ത് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലൂടെ സിനിമയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ്.
'' തിരിച്ചുവരാന്‍ മാത്രം ഞാന്‍ എവിടെയും പോയിട്ടില്ല. സിനിമയിലൊക്കെ തന്നെയുണ്ടായിരുന്നു. പക്ഷെ ഹിറ്റായ സിനിമയോ, ഹിറ്റായ കഥാപാത്രമോ കിട്ടിയില്ല. എന്നാല്‍, ആര്‍ഡിഎക്സിലൂടെ അത് സംഭവിച്ചു.
അഞ്ചാം ക്ലാസില്‍ വച്ച് വൃന്ദയുമായുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലുമെത്തി. എട്ടാം ക്ലാസില്‍ വച്ചാണ് പ്രപ്പോസ് ചെയ്തത്. ' bee likes honey, man likes money, but i like you' എന്ന് റോഡില്‍ കിടന്ന ഒരു സിഗരറ്റിന്റെ കൂടില്‍ എഴുതി കൊടുത്തു.
പിന്നീട് അച്ഛന്‍ ട്രാസ്ഫര്‍ ആയപ്പോള്‍ സ്ഥലം മാറി പോകേണ്ടി വന്നു. എന്നാലും കോണ്ടാക്ട് ഉണ്ടായിരുന്നു. കത്തുകളിലൂടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. പക്ഷെ പഠിക്കുന്ന കുട്ടിക്ക് ഒരുപാട് കത്തുകള്‍ വന്നപ്പോള്‍ സ്‌കൂളില്‍ പിടിച്ചു. അങ്ങനെ പേരന്റ്സ് അറിഞ്ഞു. ഇരുപത്തിരണ്ടാം വയസിലായിരുന്നു വിവാഹം.
ഈ പ്രായത്തില്‍ വിവാഹം കഴിക്കണോയെന്ന ചെറിയ പ്രശ്നമുണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. ഞാന്‍ ഇടയ്ക്ക് വൃന്ദയെ നോക്കിയിരിക്കും. അവളെ കാണുമ്പോള്‍ എന്റെ മനസ് ഒരു ടൈം ട്രാവല്‍ നടത്തും. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കണ്ട ആളല്ലേ ഇത്. ആ മാറ്റത്തിന് ഞാന്‍ സാക്ഷിയല്ലേയെന്ന് കൗതുകത്തോടെ നോക്കും.
എനിക്കത് ഒരു ലഹരിയാണ്. ഇന്നും ആ ലഹരിയുണ്ട്. ആ ലഹരി നിലനിര്‍ത്താന്‍ വേണ്ടി ഒന്നും ചെയ്യുന്നതല്ല സംഭവിച്ചു പോകുന്നതാണ്. മൂത്ത മകള്‍ ഡിഗ്രി ഫൈനല്‍ ഇയറാണ്. ഇളയ മകന്‍ ആറാം ക്ലാസിലെത്തി. മക്കളുമായി നല്ല സൗഹൃദമാണ്. മോന്‍ ഇടയ്ക്ക് ഡാ അച്ഛാ എന്നൊക്കെയാണ് വിളിക്കാറുള്ളത്...''