/sathyam/media/media_files/2025/12/20/lokah-2025-12-20-13-02-04.jpeg)
തെന്നിന്ത്യന്‍ സിനിമകളുടെ മഹോത്സവത്തിനായിരുന്നു 2025 സാക്ഷ്യം വഹിച്ചത്. ചലച്ചിത്രാസ്വാദകരെ അത്ഭുതപ്പെടുത്തുകയും വൈകാരികമായി സ്പര്‍ശിക്കുകയും ചെയ്ത നിരവധി ചിത്രങ്ങള്‍ ബോക്‌സ്ഓഫിസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച് ചരിത്രമായി മാറി. 2025ല്‍ ഇന്ത്യന്‍ വെള്ളിത്തിര അടക്കിഭരിച്ചത് ഏഴ് തെന്നിന്ത്യന്‍ താരങ്ങളാണ്.
1. കല്യാണി പ്രിയദര്‍ശന്‍ - ലോക
നാടോടിക്കഥകളില്‍ വേരൂന്നിയതും പുതുതലമുറയ്ക്കായി ഒരുക്കിയതുമായ സൂപ്പര്‍നായികാചിത്രം മലയാളത്തിലും തെന്നിന്ത്യയിലും മാത്രമല്ല, ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.
മലയാളസിനിമയ്ക്ക് വിദേശരാജ്യങ്ങളില്‍ പേരും പെരുമയും നേടിക്കൊടുത്ത ചിത്രം കൂടിയായി ലോക മാറി. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള യക്ഷിക്കഥ, റിലീസ് ദിവസം മുതല്‍ ബോക്‌സ്ഓഫീസിനെ കീഴടക്കുകയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നായികാചിത്രമായി ലോക മാറുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
ഡൊമനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് നിര്‍മാണം. ടൊവിനോ തോമസ്, ദുല്‍ഖര്‍ എന്നിവരുടെ അതിഥിവേഷം ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുകയും ചെയ്തു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൊവിനോ ആണ് കേന്ദ്രകഥാപാത്രം. എന്നിരുന്നാലും ദുല്‍ഖറും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമായി എത്തും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
2. ദുല്‍ഖര്‍ സല്‍മാന്‍ - കാന്ത
പീരിയോഡിക്കല്‍ ത്രില്ലര്‍ ഡ്രാമയാണ് കാന്ത. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് മലയാളികളുടെ പ്രിയതാരം ദുര്‍ഖര്‍ ചിത്രം പറയുന്നത്.
1950-കളില്‍ തമിഴ് സൂപ്പര്‍സ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ (ടികെഎം എന്നും അറിയപ്പെടുന്നു) കഥയാണ് കാന്ത പറയുന്നത്. അഭിനയ ചക്രവര്‍ത്തി എന്ന് ആരാധകര്‍ വിളിക്കുന്ന ടികെഎമ്മിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
3. പ്രിയദര്‍ശി പുളികൊണ്ട - കോര്‍ട്ട്: വെര്‍സസ് എ നോബഡി
ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു വികാരഭരിതവും തീവ്രവുമായ തെലുങ്ക് ലോ ത്രില്ലര്‍ ആയിരുന്നു കോര്‍ട്ട്: വെര്‍സസ് എ നോബഡി.
നീതിന്യായ വ്യവസ്ഥയ്ക്കുള്ളിലെ മുന്‍വിധികള്‍ക്കും അഴിമതിക്കുമെതിരെ പോരാടുന്ന സൂര്യ തേജ എന്ന പ്രതിഭാഗം അഭിഭാഷകന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
ചെയ്യാത്ത കുറ്റത്തിനു കോടതിയിലെത്തപ്പെട്ട 19 വയസുള്ള ഒരു ആണ്‍കുട്ടിയുടെ അഭിഭാഷകനായി സൂര്യ കേസ് ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം നാടകീയമായ വഴിത്തിരിവിലേക്ക് നീങ്ങുന്നു.
4. ഋഷഭ് ഷെട്ടി - കാന്താര
ഈ വര്‍ഷം പ്രക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് കാന്താര. ആഗോള ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ചിത്രത്തിന്റെ സംവിധായകനായും നായകനായും പ്രവര്‍ത്തിച്ച ഋഷഭ് ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായി മാറി.
മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകര്‍ മഹോത്സവമാക്കുകയായിരുന്നു.
ചിത്രത്തില്‍ നായികയായ രുക്മിണി വസന്തും ഉജ്വലപ്രകടനമാണ് നടത്തിയത്. ആദ്യ പകുതിവരെ പ്രേക്ഷകര്‍ക്ക് അവള്‍ വെറുമൊരു പ്രണയിനിയാണെന്ന് തോന്നിയെങ്കിലും പ്രീ-ക്ലൈമാക്‌സും ക്ലൈമാക്‌സും കഥാപാത്രത്തിന്റെ യഥാര്‍ഥശക്തി വെളിപ്പെടുത്തുന്നതായിരുന്നു. കാന്തരായില്‍ രുക്മിണി നടത്തിയത് മിന്നും പെര്‍ഫോമന്‍സ് ആയിരുന്നു.
5. സന്ദീപ് പ്രദീപ് - എക്കോ
കിഷ്‌കിന്ധാകാണ്ഡത്തിന്റെ അണിയറക്കാര്‍ എക്കോ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2025. കിഷ്‌കിന്ധാകാണ്ഡം പോലെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു എക്കോ-യും.
പേരുകോട്ട ഡോഗ് ബ്രീഡറായ കുരിയച്ചനെ തേടി നിരവധിപ്പേര്‍ നടത്തുന്ന യാത്രയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സന്ദീപ് പ്രദീപ് ചിത്രത്തില്‍ തീവ്രവും സങ്കീര്‍ണവുമായ പ്രകടനമാണു നടത്തിയത്. മോളിവുഡിലെ യുവതാരമായി സന്ദീപ് വളരുകയും തന്റെ താരസിംഹാസനം ഉറപ്പിക്കുകയും ചെയ്ത ചിത്രം കൂടിയാണ് എക്കോ.
6. രശ്മിക മന്ദാന - ദി ഗേള്‍ഫ്രണ്ട്
ബോക്‌സ്ഓഫീസിനെ പിടിച്ചുകുലുക്കിയ മറ്റൊരു തെലുങ്കുചിത്രമാണ് ദി ഗേള്‍ഫ്രണ്ട്. രശ്മി മന്ദാനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.
ക്യാമ്പസ് പ്രണയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. തന്റെ സഹപാഠിയായ വിക്രമിനെ പ്രണയിക്കുന്ന സാഹിത്യവിദ്യാര്‍ത്ഥിനിയായ ഭൂമ, വിഷലിപ്തമായ ബന്ധത്തില്‍ കുടുങ്ങിപ്പോകുന്നു.
തുടര്‍ന്ന്, വൈകാരിക പീഡനത്തില്‍നിന്നും പുരുഷാധിപത്യത്തില്‍നിന്നും സ്വതന്ത്രയാകാനും സ്വന്തം ശബ്ദം കണ്ടെത്താനും നടത്തുന്ന ശ്രമങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
7. ധ്രുവ് വിക്രം - ബൈസണ്‍
തമിഴകം ആഘോഷിച്ച മാരി സെല്‍വരാജിന്റെ ഹിറ്റ് ചിത്രമാണ് ബൈസണ്‍. സ്‌പോര്‍ട്‌സ് ഡ്രാമയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകന്‍ ധ്രുവ് ആണ് നായകന്‍. ധ്രുവ് വിക്രം വെറുമൊരു സ്റ്റാര്‍ കിഡ് മാത്രമല്ല, അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന നടനാണെന്ന് തെളിയിച്ച ചിത്രം കൂടിയാണ് ബൈസണ്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us