ഹേമ കമിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഷീല. ടിവിയില്‍ കണ്ടപ്പോള്‍ ഭയങ്കര അത്ഭുതവും സങ്കടവും തോന്നിയെന്ന് ഷീല.
" ടിവിയില്‍ ഇതെല്ലാം കണ്ടപ്പോള്‍ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പോലീസിൻ്റെ അടുത്ത് പോയാലും കോടതിയില്‍ പോയാലും എന്താണ് തെളിവെന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫിയെടുക്കുമോ? ഒന്നുകൂടി ഉമ്മ വയ്ക്കൂ തെളിവിനായി സെല്‍ഫി എടുക്കട്ടെയെന്ന് ചോദിക്കുമോ? അങ്ങനെയൊന്നും പറയില്ല.
പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാല്‍ റെക്കോഡ് ചെയ്ത് വയ്ക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക?
ഡബ്ലൂ.സി.സിയോട് ഒരുപാട് ബഹുമാനമുണ്ട്. അന്ന് മുതല്‍ ഇന്ന് വരെ അവർ എത്രയാണ് പോരാടുന്നത്. ഡബ്ലൂ.സി.സിയില്‍ ഉള്ള നടികളുടെ കരിയർ തന്നെ പോയി. എന്ത് സുന്ദരികളാണ്, എന്ത് കഴിവുള്ളവരാണ്. അവരുടെ കരിയർ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു.
പവർ ഗ്രൂപ്പ് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇപ്പോള്‍ കേള്‍ക്കുമ്പോഴാണ് ഇങ്ങനെയൊക്കയുണ്ടല്ലോയെന്ന് മനസിലാകുന്നത്. ഒരു നടിയുടെ ജീവിതത്തില്‍ കയറി കളിക്കുക എന്നാല്‍ സാധാരണ കാര്യമാണോ.
സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങിയ എൻ്റെ പേരിലുള്ള സിനിമകള്‍ വന്നിട്ടുപോലും എനിക്ക് പുരുഷന്മാരേക്കാള്‍ വേതനം കിട്ടിയിട്ടില്ല. പണം തരില്ല അവർ. സ്ത്രീക്ക് പ്രാധാന്യമുള്ള കഥാപാത്രമുള്ള സിനിമയാണെങ്കില്‍ അവർക്ക് കൂടുതല്‍ വേതനം കൊടുക്കണം..."