ഇനിയൊരിക്കലും ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് നടി സാമന്ത. സെക്‌സിയാകാന്‍ തനിക്ക് കഴിയില്ലെന്നും 'ഊ അന്തവാ...' എന്ന പാട്ടിലെ ആദ്യ രംഗമെടുത്തപ്പോള്‍ താന്‍ വിറയ്ക്കുകയായിരുന്നെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
''അഭിനേതാവ് എന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് 'ഊ അന്തവാ...'' പാട്ട് ചെയ്യാമെന്ന തീരുമാനത്തിലേക്കെത്തിയത്. അതത്ര എളുപ്പമായിരുന്നില്ല. എനിക്ക് ആത്മവിശ്വാസവുമുണ്ടായിരുന്നില്ല. ഞാന്‍ അത്ര പോരെന്നും സുന്ദരിയല്ലെന്നും മറ്റു പെണ്‍കുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയായിരുന്നു മനസില്‍. അതിനാല്‍ ആ പാട്ട് ചിത്രീകരിക്കുന്നതു വലിയ വെല്ലുവിളിയായിരുന്നു.
'ഊ അന്തവാ...'യുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു ഞാന്‍. കാരണം, സെക്സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ, എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നിര്‍ത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്.
വിവാഹമോചനത്തിനിടെയാണ് 'ഊ അന്തവാ..' എന്നിലേക്ക് എത്തുന്നത്. ഒരു ഐറ്റം സോങ്ങില്‍ ഞാന്‍ എത്തുമെന്ന പ്രഖ്യാപനമുണ്ടായതോടെ എന്റെ അടുപ്പക്കാരും കുടുംബവും അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. വിവാഹമോചന സമയത്ത് ഐറ്റം ഡാന്‍സ് ചെയ്യരുതെന്നാണ് അവര്‍ പറഞ്ഞത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കള്‍ പോലും ഐറ്റം ഡാന്‍സ് ചെയ്യരുതെന്ന് ഉപദേശിച്ചു.
അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും ചെയ്യണമെന്ന് എനിക്കു തോന്നി. പക്ഷേ, ഇനി ഞാന്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കില്ല. കാരണം, അതില്‍ ഞാന്‍ വെല്ലുവിളികള്‍ ഒന്നും കാണുന്നില്ല...''