പ്രവാസിയായിരുന്ന നജീബിന്റെ യഥാര്‍ത്ഥ അനുഭവമാണ് എഴുത്തുകാരന്‍ ബെന്യാമിന്‍ 'ആടുജീവിതം' എന്ന നോവലാക്കി മാറ്റിയത്. അതില്‍ എഴുത്തുകാരന്റേതായ ഭാവനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, നോവലില്‍ എഴുതിയിരിക്കുന്ന ചില കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്നിട്ടില്ലെന്ന് നജീബ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
'' മരുഭൂമിയില്‍ വച്ച് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു രംഗമുണ്ട്. അത് ബെന്യാമിന്റെ ഭാവനാ സൃഷ്ടിയാണ്. വായനക്കാര്‍ക്ക് ഒരു ഇതിന് വേണ്ടി ബെന്യാമിന്‍ നോവലില്‍ എഴുതിയതാണ് ആ രംഗം. ആ ആടുകളെല്ലാം എന്റെ മക്കളാണ്. ആടിനെ നന്നായിട്ട് സ്‌നേഹിച്ചിട്ടുണ്ട്, ഒരു ആട്ടിന്‍കുട്ടിക്ക് നബീല്‍ എന്ന് പേരുമിട്ടു. അത്രയൊക്കെയേയുള്ളൂ. അവരെയെല്ലാം ഉപേക്ഷിച്ച് ഓടിപ്പോരുമ്പോള്‍ എനിക്ക് വിഷമമുണ്ടായിരുന്നു.
ആടിനെ ഒക്കെ അങ്ങനെ ചെയ്യാന്‍ പറ്റുമോ? തലയ്ക്ക് സ്ഥിരതയില്ലാത്തവരല്ലേ അങ്ങനെ ഒക്കെ ചെയ്യുക? നോവലിന് വേണ്ടി അദ്ദേഹം എഴുതിയതാണ് അത്. എന്തിനാണ് അങ്ങനെ എഴുതിയതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. കഥയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം മറുപടി നല്‍കി. നമ്മുടെ ആള്‍ക്കാര്‍ക്ക് അത് വായിക്കേണ്ടതല്ലേയെന്നും ചോദിച്ചിരുന്നു. അത് എനിക്കും വിഷമം ഉണ്ടാക്കിയിട്ടുണ്ട്.
ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയിരുന്നു. പക്ഷെ ഞങ്ങളുടെ ഇസ്ലാം മതത്തില്‍ ആത്മഹത്യ പാടില്ല. പാമ്പ് കടിച്ച് മരിക്കട്ടെയെന്ന് കരുതിയിട്ടും അതുണ്ടായില്ല. അന്നും അല്ലാഹു എനിക്ക് കാവലുണ്ടായിരുന്നു. അതാണ് ഞാന്‍ രക്ഷപ്പെട്ടത്. ഭാര്യയെ ഓര്‍ക്കുമ്പോള്‍ ആത്മഹത്യാ ചിന്ത എല്ലാം മാറിപ്പോകും...''- നജീബ് പറയുന്നു.