രജനി-കമല്‍ ചിത്രം ധനുഷ് സംവിധാനം ചെയ്യും, 'തലൈവര്‍ 173' താരസംഗമമാകും, ഇന്ത്യന്‍ വെള്ളിത്തിരയിലെ പ്രമുഖര്‍ ചിത്രത്തില്‍; ചിത്രത്തിന്റെ പൂര്‍ണവിവരം വൈകാതെ പ്രഖ്യാപിക്കും

സുന്ദര്‍ സി സംവിധാനച്ചുമതലയില്‍നിന്നു പിന്മാറിയതോടെയാണ്  ധനുഷിന്റെ വരവ്.

author-image
ഫിലിം ഡസ്ക്
New Update
OIP (8)

രജനി-കമല്‍ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്, തെന്നിന്ത്യന്‍ ആരാധകരും ചലച്ചിത്രലോകവും ആഘോഷിക്കുകയാണ്. സൂപ്പര്‍താരങ്ങളായ രജനികാന്തും കമല്‍ഹാസനും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രം, 'തലൈവര്‍ 173'  തെന്നിന്ത്യന്‍ യങ് സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുമെന്ന വാര്‍ത്തയാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയത്.

Advertisment

സുന്ദര്‍ സി സംവിധാനച്ചുമതലയില്‍നിന്നു പിന്മാറിയതോടെയാണ്  ധനുഷിന്റെ വരവ്. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ നിര്‍മാണമേല്‍നോട്ടത്തിലാണ് ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. രജനികാന്ത് ചിത്രം കൂലിയുടെ സംവിധായകനായ ലോകേഷ് കനകരാജ് ചിത്രം സംവിധാനം ചെയ്യുമെന്നാണു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതെങ്കിലും പിന്നീട് സുന്ദര്‍ സിയെ സംവിധായകനായി അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, കഴിഞ്ഞദിവസം പ്രോജക്ടില്‍നിന്നു സുന്ദര്‍ സി പിന്മാറുകയായിരുന്നു. പിന്മാറിയ വിവരം സുന്ദര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. അതേസമയം, പിന്മാറ്റത്തിന്റെ കാരണം സംവിധായകന്‍ വെളിപ്പെടുത്തിയില്ല. സുന്ദര്‍ സിയുടെ പിന്മാറ്റം ആരാധകര്‍ക്കിടയില്‍ മാത്രമല്ല, തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തുതന്നെ അനിശ്ചിതത്വം സൃഷ്ടിച്ചു. ആരായിരിക്കും സംവിധായകന്‍ എന്നതായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ട വിഷയം.

ധനുഷ് സംവിധായകന്റെ ചുമതല ഏറ്റെടുക്കുകയും പ്രോജക്ടമായുള്ള പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്. പ്രൊഡക്ഷന്‍ ടീം, മറ്റ് അഭിനേതാക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബോളിവുഡ്, ടോളിവുഡ്, മല്ലുവുഡിലെ പ്രമുഖതാരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. അടുത്തദിവസംതന്നെ, 'തലൈവര്‍ 173' -ന്റെ പൂര്‍ണചിത്രം വ്യക്തമാകുമെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.

സുന്ദര്‍ സിയുടെ പിന്മാറ്റത്തെക്കുറിച്ചു മാധ്യമങ്ങളുടെ ചോദ്യത്തിന് കമല്‍ഹാസന്‍ കാര്യമായി പ്രതികരിക്കുകയുണ്ടായില്ല. 'പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള കാരണം സുന്ദര്‍ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്. അതിനോട് കൂട്ടിച്ചേര്‍ക്കാന്‍ എന്റെ പക്കലൊന്നുമില്ല. നിര്‍മാതാവ് എന്ന നിലയില്‍, രജനികാന്തിന്റെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി തിരക്കഥ തയാറാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ താരം തിരക്കഥയില്‍ തൃപ്തനാകുന്നതുവരെ ഞങ്ങള്‍ അന്വേഷണം തുടരും. മികച്ച സ്‌ക്രിപ്റ്റിനായുള്ള തയാറെടുപ്പുകളിലാണ് ഞങ്ങള്‍...' കമല്‍ഹാസന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുശേഷം രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവര്‍ 173. ദുബായില്‍ നടന്ന നെക്സ സൈമ അവാര്‍ഡ് വേളയിലാണ് കമല്‍ഹാസന്‍ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

Advertisment