/sathyam/media/media_files/u3vTIfv2heWGB2WuDlNj.jpg)
സിദ്ദീഖിന്റെ സിനിമയിലേക്കുള്ള കടന്നു വരവ് കലാഭവനിലൂടെയായിരുന്നു. കലാഭവനില്‍ മിമിക്രിയുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് പായുമ്പോഴും മനസില്‍ നിറഞ്ഞു നിന്നത് സിനിമാ മോഹമായിരുന്നു. നിരവധി കഥകളും തിരക്കഥകളും ഇതിനിടെ സൃഷ്ടിച്ചെങ്കിലും ഒരുപാട് പേരെ സമീപിച്ചെങ്കിലും അതൊന്നും സ്വപന സാക്ഷാത്ക്കാരത്തിലേക്കെത്തിയില്ല.
സിനിമയിലേക്കുള്ള തന്റെ കടന്നു വരവിനെക്കുറിച്ച് സിദ്ദീഖ് മുമ്പ് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. കലാഭവന്‍ അന്‍സാറാണ് സിദ്ദീഖിനെയും ലാലിനെയും ഫാസിലിന് പരിചയപ്പെടുത്തിയത്. അതേക്കുറിച്ച് സിദ്ദീഖ് പറഞ്ഞതിങ്ങനെ...
'' ഒന്നു രണ്ടു കഥകളുമായിട്ടാണ് ഫാസിലിനെ കാണാന്‍ പോയത്. ആലപ്പുഴയ്ക്കാണ് പോയത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരുപാട് ആളുകള്‍ അവിടെ അദ്ദേഹത്തെ കാണാനിരിക്കുന്നുണ്ടായിരുന്നു. കാണാതെ പോയാലോ എന്നു വരെ ചിന്തിച്ചു. എന്തായാലും വന്നതല്ലേ, കണ്ടിട്ടു പോകാമെന്നു കരുതി യാതൊരു പ്രതീക്ഷയുമില്ലാതെ സംസാരിച്ചു. അദ്ദേഹത്തോട് കഥകള്‍ പറഞ്ഞു. തിരക്കഥാ രചനയിലും ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം എല്ലാം കേട്ടു.
''നിങ്ങള്‍ക്ക് സിനിമാക്കാരനാകാന്‍ യോഗ്യതകളുണ്ട്. കഥയൊക്കെ എനിക്കിഷ്ടമായി. എന്നാല്‍, എനിക്ക് പറ്റുന്ന സിനിമയല്ല ഇത്. നിങ്ങള്‍ക്ക് കഥയുണ്ടാക്കാനറിയാം. നിങ്ങളുടെ ചിന്തകള്‍ പുതിയതാണ്. നിങ്ങള്‍ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കണം, കൂടുതല്‍ അറിവ് നേടണം''. ഇതു പറഞ്ഞിട്ട് അദ്ദേഹം നിര്‍ത്തി. ഇനി നിന്നിട്ട് കാര്യമില്ല. സ്ഥലം വിടാമെന്ന് തോന്നി.
പെടുന്നനെയാണ് അദ്ദേഹം ബാക്കി പറഞ്ഞത്. 'അതുകൊണ്ട് എന്റെ കൂടെ നിന്നോ, അസിസ്റ്റന്റ് ഡയറക്ടറായിട്ട്'' ഇതോടെ സിദ്ദീഖിനും ലാലിനും സിനിമയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.