Advertisment

''സിനിമയിലെ സംഘട്ടന രംഗങ്ങളെല്ലാം കൂടുതല്‍ സമയമെടുത്താണ് ചെയ്തത്, 120 ദിവസത്തോളം ചിത്രീകരണം നടത്തിയിട്ടുണ്ട്, അതില്‍ കൂടുതലും ആക്ഷനായിരുന്നു, എന്തെങ്കിലും തട്ടുകേടുവന്നാല്‍ കാത്തോളണം...''

പുതിയ ചിത്രമായ ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോയിലാണ് മമ്മൂട്ടിയുടെ വാക്കുകള്‍. 

author-image
ഫിലിം ഡസ്ക്
New Update
46464666644

പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിലും ധൈര്യത്തിലാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും നടന്‍ മമ്മൂട്ടി. പുതിയ ചിത്രമായ ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോയിലാണ് മമ്മൂട്ടിയുടെ വാക്കുകള്‍. 

Advertisment

''ഈ സിനിമയില്‍ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. യഥാര്‍ഥത്തില്‍ നടന്ന ഒരു തട്ടിപ്പിന്റെ കഥയുണ്ട്. അതിപ്പോഴും നടക്കുന്ന, ഇനിയും നടക്കാന്‍ സാധ്യതയുള്ള തട്ടിപ്പ്. നമ്മള്‍ പലതും അറിയുന്നില്ലെന്നേയുള്ളൂ. ഈ സിനിമയുടെ കഥയുടെ ആധാരം ജോസിനു പറ്റുന്ന ഒരു കയ്യബദ്ധമാണ്. ജോസ് ഒരു മാസ് ഹീറോയല്ല, ജോസ് നിഷ്‌കളങ്കനാണ്. എന്തുകണ്ടാലും ചാടിയിറങ്ങുന്ന ഒരു പാവത്താന്‍.

ജോസ് ചട്ടമ്പിയോ തെമ്മാടിയോ വഴക്കാളിയോ ഒന്നുമല്ല. ഒരു ഡ്രൈവറാണ്. ജോസിന് ജീവിതത്തില്‍ നേരിടേണ്ടി വരുന്നത് ഒരു വലിയ അടിയാണ്. അവിടെ പതറിപ്പോകും. ഈ സാഹചര്യത്തില്‍ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാകുന്നത്. അതിനെ വേണമെങ്കില്‍ നമുക്ക് 'ടര്‍ബോ' എന്ന് വിളിക്കാം. 

ഇടിക്കാന്‍ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്. വേണമെങ്കില്‍ ഇതിനെ സര്‍വൈവല്‍ ത്രില്ലറൊന്നൊക്കെ പറയാം. കഥയുടെ ഒരു ഒരുപാട് ഭാഗങ്ങള്‍ തമിഴ്‌നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ സംഭവിച്ച ഒന്നു രണ്ട് സംഭവങ്ങള്‍ സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. 

കഥയുമായി ചേര്‍ന്നുപോകുന്ന ചെറിയ തമാശകള്‍, കുടുംബ ബന്ധങ്ങള്‍, വികാരവിക്ഷോഭങ്ങള്‍, ദേഷ്യം, രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ അങ്ങനെ സ്വാഭാവികമായി മനുഷ്യന്‍ ചെയ്യുന്നതൊക്കെയാണ് സിനിമയുടെ ബലം. ഇങ്ങനെയൊരു തരം സിനിമ കൂടി എടുക്കണമെന്നുണ്ടായിരുന്നു. 

മമ്മൂട്ടി കമ്പനിയുടെ ചെലവേറിയ സിനിമയാണിത്. കുറച്ചൊക്കെ പോയിട്ടും കുറച്ച് കിട്ടിയിട്ടുണ്ട്. എല്ലാം കൂടെ ചുരുട്ടിക്കൂട്ടി ഇതില്‍ ഇട്ടിരിക്കുകയാണ്. ഇതിനു മുടക്കിയത് വന്നാല്‍, അടുത്തതിനിറങ്ങാം. ഇവരുടെ ധൈര്യത്തിനാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. 

42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല. സിനിമയിലെ സംഘട്ടന രംഗങ്ങളെല്ലാം കൂടുതല്‍ സമയമെടുത്താണ് ചെയ്തത്. 120 ദിവസത്തോളം ചിത്രീകരണം നടത്തിയിട്ടുണ്ട്. അതില്‍ കൂടുതലും ആക്ഷനായിരുന്നു. എന്തെങ്കിലും തട്ടുകേടുവന്നാല്‍ കാത്തോളണം. കാര്‍ ചേസിങ് രംഗമെല്ലാം പുറത്തുപോയാണ് എടുത്തത്. നല്ല ചെലവായിരുന്നു. എന്റെ കമ്പനിയാണെങ്കില്‍ക്കൂടി ഞാന്‍ ജോലി ചെയ്യുമ്പോള്‍ പ്രതിഫലം വാങ്ങണമെന്നാണ് കണക്ക്. അതുകൊണ്ട് എന്റെ ശമ്പളം എഴുതിയെടുത്തേ പറ്റൂ. അതിന് നികുതിയും നല്‍കണം...'' 

 

Advertisment