നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെതിരെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നല്‍കിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.
എറണാകുളം സബ് കോടതി മുമ്പാകെ ലിസ്റ്റിന്‍ സ്റ്റീഫന്‍ രണ്ട് കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ മറ്റൊരു അപകീര്‍ത്തി കേസില്‍ സാന്ദ്ര തോമസിനു കോടതി സമന്‍സ് അയച്ചു.
രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഈ കേസിലാണ് ഇപ്പോള്‍ കോടതി സമന്‍സിന് ഉത്തരവിട്ടിരിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് വഴിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കോടതിയെ സമീപിച്ചത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന്‍ നല്‍കിയിട്ടുള്ളത്.
തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കൊടുത്ത രണ്ട് പരാതികള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് എറണാകുളം സബ്കോടതിയില്‍ ലിസ്റ്റിന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.