പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ആടുജീവിതം' മികച്ച വിജയം നേടി തിയേറ്ററുകളില്‍ ഓടുകയാണ്. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്.
ഇപ്പോഴിതാ മരുഭൂമിയിലെ ആടുകള്‍ക്കൊപ്പമുള്ള ജീവിതത്തില്‍ നിന്ന് അതിജീവിച്ച ശേഷം നാട്ടിലെത്തിയപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നജീബ് പറയുന്നതിങ്ങനെ...
''കറുത്ത് ക്ഷീണിച്ചാണ് ഞാന്‍ നാട്ടിലെത്തിയത്. ആര്‍ക്കും എന്നെ പെട്ടെന്ന് മനസിലായില്ല. ഭാര്യക്ക് ആണ്‍കുഞ്ഞ് ജനിച്ചെന്നും അവന് നബീല്‍ എന്ന് പേരിട്ടെന്നും ഫോണിലൂടെയാണ് ഞാന്‍ അറിഞ്ഞത്. വീട്ടിലെത്തിയപ്പോള്‍ എന്റെ വാപ്പയുടെ അടുത്ത് മകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനോട് എന്റെ വാപ്പ പറഞ്ഞത് 'എടാ ഇതാണ് നിന്റെ വാപ്പ' എന്നായിരുന്നു.
അതുകേട്ട് എന്നെ നോക്കിയിട്ട് 'ഇതെന്റെ വാപ്പയൊന്നും അല്ലാ'യെന്ന് പറഞ്ഞ് അവന്‍ പോയി. എന്നെ അവന്‍ തിരിച്ചറിയാത്തതിനെക്കാള്‍ വിഷമമായത് അവനെ ആദ്യമായി കാണുമ്പോള്‍ കൊടുക്കാന്‍ വേണ്ടി ഒരു മിഠായി പോലും എന്റെ കൈയില്‍ ഇല്ലല്ലോ എന്നായിരുന്നു. ബെന്യാമിന്‍ സാര്‍ എന്റെ കഥ നോവലാക്കിയ ശേഷം ഒരുപാട് രാജ്യങ്ങളില്‍ എനിക്ക് പോകാന്‍ പറ്റി. ഇനിയെനിക്ക് അധികം യാത്രയൊന്നും ചെയ്യാതെ ഭാര്യയോടും കുടുംബത്തോടും കൂടെ സന്തോഷമായി ജീവിക്കണമെന്ന് മാത്രമേയുള്ളൂ...''