/sathyam/media/media_files/91NGTqCz3ZW31IC4G9g8.jpg)
എറണാകുളം പുല്ലേപ്പടിയില്‍ ജനിച്ചു വളര്‍ന്ന സിദ്ദീഖ് കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി താരമായാണ് കാലാമേഖലയിലേക്കെത്തുന്നത്. കല മാത്രം സ്വപ്‌നം കണ്ട ലാല്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം കൂട്ടുകാരുമായാര്‍ന്നു സിദ്ദീഖിന്റെ ബാല്യ-കൗമാരങ്ങള്‍. ഈ കൂട്ടുകാര്‍ തന്നെയായിരുന്നു കലയിലേക്കുള്ള കടന്നു വരവിന് സിദ്ദീഖിനൊപ്പം പ്രോത്സാഹനമായി നിന്നതും.
തുണിക്കച്ചവടമായിരുന്നു സിദ്ദീഖിന്റെ ബാപ്പയ്ക്ക്. എന്നാല്‍, മറ്റൊന്നുമല്ല കലയും സിനിമയും തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഊണിലും ഉറക്കത്തിലും കരുതി. കലൂര്‍ ഗവ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മോണോ ആക്ടിലൂടെ വേദികളില്‍ തന്റെ കഴിവുകള്‍ തെളിയിച്ചു. മഹാരാജാസ് കോളേജിലായിരുന്നു കോളജ് വിദ്യാഭ്യാസം. ഇതിനിടെ നാട്ടിലെ ദാറുല്‍ ഉലൂം ഹൈസ്‌കൂളില്‍ ക്ലര്‍ക്ക് ജോലി ലഭിച്ചു. ഇതോടെ കോളേജിലെ ഈവനിങ് ബാച്ചിലേക്ക് മാറി കലയെയും മിമിക്രിയെയും ഒരുപോലെ കൊണ്ടുനടന്നു.
പിന്നീട് കാലാഭവനിലേക്ക്. കലാഭവന്‍ മിമിക്രിക്ക് ആദ്യ സ്‌ക്രിപ്റ്റുണ്ടാക്കിയത് സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടാണ്. ഫാ. ആബേലിന്റെ സിനിമയ്ക്ക് 'മിമിക്സ് പരേഡ്' എന്ന് പേരിട്ടതും സിദ്ദിഖാണ്. മിമിക്സ് പരേഡ് വേദികളില്‍ നിന്ന് പിന്നീട് പ്രോഗ്രാം ഡയറക്ടറായി. ഇതിനിടെ സിനിമാ മോഹങ്ങളുമായി നിരവധി കഥകള്‍ എഴുതി. ഒരുപാട് സംവിധായകരെ സമീപിച്ചു.
എന്നാല്‍, സംവിധായകന്‍ ഫാസിലിനെ പോയി കണ്ടതോടെ തലവര മാറുകയായിരുന്നു. സിനിമയിലേക്കുള്ള വലിയ വഴിത്തിരിവായി അതു മാറി. ഇതോടെ സംവിധായകന്‍ ഫാസിലിന്റെ സഹസംവിധായകരായി. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്' തിരക്കഥ ഒരുക്കി. 'റാംജി റാവു സ്പീക്കിങ്ങി'ലൂടെ സ്വതന്ത്രസംവിധായകരായി തകര്‍പ്പന്‍ തുടക്കം. പിന്നീട് നിരവധി ഹിറ്റുകള്‍ ഇവരുടേതായി മലയാള സിനിമയ്ക്ക് സ്വന്തം.
ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കബൂളിബാല എന്നിവയാണ് സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ഹിറ്റുകള്‍. ഹിറ്റ്‌ലര്‍ (മലയാളം-തമിഴ്), ക്രോണിക് ബാച്ചിലര്‍, എങ്കള്‍ അണ്ണ (തമിഴ്), സാധു മിറാന്‍ഡ (തമിഴ്), ബോഡിഗാര്‍ഡ് (മലയാളം, ഹിന്ദി), കാവലന്‍ (തമിഴ്), ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ എന്നിവയാണ് സ്വന്തമായി സംവിധാനം ചെയ്തതും.
മലയളത്തിനും തമിഴിനും പിന്നാലെ 2010ല്‍ പുറത്തിറങ്ങിയ 'ബോഡി ഗാര്‍ഡ്' കണ്ട് ഇഷ്ടമായ സല്‍മാന്‍ ഖാന്‍ നേരിട്ട് വിളിച്ച് ചിത്രം ഹിന്ദിയിലിറക്കാനുള്ള താല്‍പ്പര്യം അറിയിച്ചതോടെ സിദ്ദീഖ് ബോളിവുഡിലും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.