/sathyam/media/media_files/2025/08/29/oif-2025-08-29-15-18-29.jpg)
ലോകേഷ്-രജനികാന്ത് ചിത്രം കൂലിക്ക് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍മാതാക്കളുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. നിര്‍മാതാക്കളുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ടി.വി. തമിഴ്‌സെല്‍വി ഹര്‍ജി തള്ളിയത്.
ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് തുടരുന്നതിനാല്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് കാണാനാകില്ല. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് കാണാന്‍ ഇനി ഒടിടി റിലീസ് വരെ കാത്തിരിക്കേണ്ടിവരും.
എ സര്‍ട്ടിഫിക്കറ്റ് കാരണം 18 വയസിന് താഴെയുള്ളവര്‍ക്ക് ചിത്രം കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. തമിഴ് സിനിമകളില്‍ സംഘട്ടന രംഗങ്ങള്‍ അനിവാര്യമാണെന്നും ഈ കാരണത്താല്‍ ഒരു സിനിമ പൂര്‍ണമായും നിരോധിക്കാന്‍ കഴിയില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
അശ്ലീല പദപ്രയോഗങ്ങള്‍ നീക്കം ചെയ്യുകയും മദ്യപാന രംഗങ്ങള്‍ മറയ്ക്കുകയും സിബിഎഫ്സി ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ പാലിക്കുകയും ചെയ്തിട്ടും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അന്യായമാണെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍, ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ എല്ലാ വയലന്‍സ് രംഗങ്ങളും നീക്കം ചെയ്യണമെന്നാണ് സിബിഎഫ്സിയുടെ നിലപാട്. ഇരുപക്ഷത്തിന്റയും വാദം കേട്ട ശേഷം മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.