തിരുവനന്തപുരം: പീഡന കേസില്‍ നടന്‍ ജയസൂര്യക്കും ബാലചന്ദ്ര മോനോനും എതിരായ കേസില്‍ നിയമ നടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങി പോലീസ്.
നടന്മാര്‍ക്കെതിരെ കേസുകളില്‍ തെളിവില്ലെന്നാണ് പോലീസ് പറയുന്നത്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നു. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേക അന്വേഷണസംഘം ഉടന്‍ തീരുമാനിക്കും.
2008ല്‍ നടന്ന 'ദേ ഇങ്ങോട്ട് നോക്കിയോ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. സെക്രട്ടേറിയേറ്റിലെ ടോയ്ലറ്റിലേക്ക് പോകുമ്പോള്‍ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടറിയേറ്റ് വളപ്പില്‍ ഷൂട്ടിംഗ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ.
ദൃക്‌സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിയോ ഇല്ല. പരാതിക്കാരിയുടെ രഹസ്യമൊഴിയും ജയസൂര്യയും പരാതിക്കാരിയും ആ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചുവെന്നതും മാത്രമാണ് അനുകൂല തെളിവുകള്‍. കേസില്‍ മറ്റുസാക്ഷികള്‍ ഇല്ലാത്തതുകൊണ്ട് ഇതവസാനിപ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്.
ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി. ബാലചന്ദ്ര മേനോന്‍ ആ ഹോട്ടലില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ പരാതിക്കാരി അവിടെ വന്നതിന് തെളിവില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സിസിടിവി ദൃശ്യം, മൊബൈല്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകളില്ല.