സൈലം ഗ്രൂപ്പ് സ്ഥാപകന്‍ സിനിമാ നിര്‍മാണത്തിലേക്ക്; ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റിന് തുടക്കം

ഡിജിറ്റല്‍ സ്‌പേസില്‍ ഉള്‍പ്പെടെ കാണികളെ രസിപ്പിക്കുന്ന മികച്ച  സിനിമകളും, ഡിജിറ്റല്‍ കണ്ടന്റ്‌റുകളും നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റിന് തുടക്കം കുറിച്ചിരിക്കുന്നത്.

author-image
ഫിലിം ഡസ്ക്
New Update
02f4b704-4c90-4408-ba31-ff1bf5ced840

കോഴിക്കോട്: 14-09-2025 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനികളില്‍  ഒന്നായ സൈലം ലേണിംഗ് സ്ഥാപകന്‍ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. 

Advertisment

ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിര്‍മാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതനായ ഡോ. അനന്തു. 'ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്'  എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു.  

വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാര്‍ത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29കാരനായ ഡോ. അനന്തു. കോഴിക്കോട് ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന അദ്ദേഹം സ്ഥാപിച്ച 'സൈലം' എന്ന വിദ്യാഭ്യാസസ്ഥാപനത്തിന്   കേരളത്തിനകത്തും പുറത്തും പരിശീലന കേന്ദ്രങ്ങളുണ്ട്. 

നിലവില്‍ സൈലത്തിന്റെ സിഇഒ എന്ന നിലയില്‍ പ്രവര്‍ത്തനം തുടരവെയാണ് ആലപ്പുഴ സ്വദേശിയായ ഡോ. എസ്. അനന്തു സിനിമാ മേഖലയിലേക്കും ചുവടുവയ്ക്കുന്നത്. പഠിക്കുന്ന കാലം മുതലേ സിനിമയോടുള്ള അഭിനിവേശവും ഉള്ളിലുണ്ടായിരുന്നു എന്ന് ഡോ. അനന്തു പറയുന്നു. സൈലത്തിലെ വിദ്യാര്‍ത്ഥികളോടൊപ്പം സമയം ചെലവഴിക്കുന്നത് പോലെ തന്നെ താന്‍ ഏറെ ആസ്വദിക്കുന്ന ഒരു വിഷയമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.   

ഡിജിറ്റല്‍ സ്‌പേസില്‍ ഉള്‍പ്പെടെ കാണികളെ രസിപ്പിക്കുന്ന മികച്ച  സിനിമകളും, ഡിജിറ്റല്‍ കണ്ടന്റ്‌റുകളും നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റിന് തുടക്കം കുറിച്ചിരിക്കുന്നത്. മുന്‍നിര താരങ്ങളും സംവിധായകരും ഒരുമിക്കുന്ന  ആറോളം സിനിമകളുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ചില ബിഗ് ബജറ്റ് സിനിമകള്‍ക്കായുള്ള ആശയങ്ങളും പരിഗണനയിലുണ്ട്.  

എല്ലാവരും പഠിപ്പിക്കുന്ന ഒരേ വിഷയങ്ങളെ തന്നെ വളരെ വ്യത്യസ്തമായ രീതികളില്‍ വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് പകരാന്‍ കഴിവുള്ള അധ്യാപകനാണ് ഡോ. അനന്തു. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അനായാസം അവതരിപ്പിക്കാനും തിരിച്ചറിയാനുമുള്ള ഈ മികവ് നല്ല സിനിമകള്‍ തെരെഞ്ഞെടുക്കുന്നതിലും പ്രതിഫലിക്കും. 

ഡോ. അനന്തുവിന്റെ സൈലം ഗ്രൂപ്പിന് കീഴിയുള്ള യൂട്യൂബ് ചാനലില്‍ 1 കോടി  ഫോളോവേഴ്‌സാണ് ഇതിനകമുള്ളത്. സൈലം ആപ്പില്‍ 10 ലക്ഷം പെയ്ഡ് യൂസേഴ്‌സ് ഓണ്‍ലൈനായി ലോഗിന്‍ ചെയ്തിട്ടുണ്ട്. യു.പി.എസ്.എസി, പി.എസ്.എസി, എന്‍.ഇ.ഇ.ടി, ജെ.ഇ.ഇ, സി.എ, എ.സി, സി.എ. തുടങ്ങിയ മത്സരപരീക്ഷകളിലായി മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ സൈലത്തിന്റെ ക്ലാസ്റൂമുകളില്‍ നേരിട്ടും പഠിക്കുന്നു. 

സ്‌കൂള്‍ ക്ലാസുകള്‍ക്കുള്ള പരിശീലനവും നല്‍കിവരുന്നു. ഇതിനെല്ലാം പുറമെ, ഒട്ടനവധി മാനുഷിക, കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് ഡോ. എസ്. അനന്തു.

Advertisment