ഇതുവരെ കണ്ട കീര്‍ത്തിയല്ല 'റിവോള്‍വര്‍ റീത്ത'യില്‍; 28ന് തിയറ്ററുകളിലെത്തുന്ന ചിത്രം കീര്‍ത്തിക്ക് വഴിത്തിരിവാകും

സീന്‍ റോള്‍ഡണ്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

author-image
ഫിലിം ഡസ്ക്
New Update
ks-1024x576

തെന്നിന്ത്യന്‍ സൂപ്പര്‍താരം കീര്‍ത്തി സുരേഷിനെ നായികയാക്കി ജെ.കെ. ചന്ദ്രു സംവിധാനം ചെയ്ത തമിഴ് ചിത്രം 'റിവോള്‍വര്‍ റീത്ത' നവംബര്‍ 28ന് തിയറ്ററുകളിലെത്തുന്നു. രാധിക ശരത്കുമാര്‍, സുനില്‍, അജയ്ഘോഷ്, റെഡിന്‍ കിംഗ്സ്ലി, ജോണ്‍ വിജയ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീന്‍ റോള്‍ഡണ്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Advertisment

'റിവോള്‍വര്‍ റീത്ത' തന്റെ അഭിനയയാത്രയിലെ പുതിയ ചുവടുവയ്പായാണ് കീര്‍ത്തി വിശേഷിപ്പിച്ചത്. ആദ്യമായാണ് താന്‍ ഡാര്‍ക്ക് കോമഡിക്ക് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു. 'ഞാന്‍ കോമഡി ഇഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ എനിക്കു നന്നായി ഇണങ്ങുമെന്ന് തോന്നുന്നു...' കീര്‍ത്തി പറഞ്ഞു. സ്ത്രീകേന്ദ്രമായ സിനിമകള്‍ വരുന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമായി മാറിയിരിക്കുന്നു. അത്തരം കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നുവെന്നും വലിയ വിജയത്തിലേക്ക് എത്താറുണ്ടെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. 

വിവാഹശേഷം അഭിനയം തുടരുന്നതിനെക്കുറിച്ചും കീര്‍ത്തി തുറന്നുപറഞ്ഞു: 'വിവാഹത്തിനു ശേഷം അഭിനയത്തിലൂടെ ഒരു സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. പല നടിമാരും കരിയര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വിവാഹം വൈകിപ്പിക്കുന്നു. എന്നാല്‍ വിവാഹശേഷം അഭിനയം തുടരുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നത് സ്ത്രീയുടെ തെരഞ്ഞെടുപ്പായിരിക്കണം. വിവാഹശേഷം സാമന്ത ബ്ലോക്ക്ബസ്റ്ററുകള്‍ ചെയ്തു. വിവാഹശേഷം നല്ല സിനിമകളാണ് ഞാന്‍ ചെയ്യുന്നത്...'

നെറ്റ്ഫ്ളിക്സിനായി അക്ക, ഹിന്ദി ചിത്രം, ആന്റണി പെപ്പെയുമായുള്ള മലയാള ചിത്രം, വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രം തുടങ്ങിയവയാണ് കീര്‍ത്തിയുടെ വരാനിരിക്കുന്ന പ്രോജക്ടുകള്‍.

Advertisment