/sathyam/media/media_files/2025/09/04/oip-1-2025-09-04-13-29-30.jpg)
മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമായ ദൃശ്യം 3 സെപ്തംബര്‍ 17ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കും. ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൃശ്യം 3ല്‍ ആദ്യ രണ്ട് ഭാഗങ്ങളിലെയും ഒട്ടുമിക്ക താരങ്ങളും അണിനിരക്കും. 55 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്യുന്നത്.
മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം പത്തുദിവസത്തെ ചിത്രീകരണം മോഹന്‍ലാലിന് അവശേഷിക്കുന്നുണ്ട്. ദൃശ്യം 3 യുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം വരെ ഉണ്ടാവും. തുടര്‍ന്ന് നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രം കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നു.
രതീഷ് രവി രചന നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കൈകോര്‍ക്കുന്നത് ഇതാദ്യമാണ്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭ.ഭ ബ ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും.ശ്രീ ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം.