പുതിയ ചിത്രമായ 'താനാര'യുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ താന്‍ വീണ്ടും സിംഗിളായെന്ന് വെളിപ്പെടുത്തി നടന്‍ ഷൈന്‍ ടോം ചാക്കോ. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.
''ഞാനൊരു റിലേഷനിലായിരുന്നു. അത് ഇപ്പോള്‍ അവസാനിച്ചു. ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കാരണം എനിക്കും മറ്റൊരു വ്യക്തിക്കും അത് ജീവിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കും.
ആ വ്യക്തിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നില്‍ക്കണമെന്ന് പറയാനും സാധിക്കില്ല. അങ്ങനെയാണെങ്കില്‍ ഞാനാണ് അവരെ കൂടുതല്‍ ദ്രോഹിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ നല്ല പ്രണയത്തിലായിരുന്നു. അത് ടോക്‌സിക്കായി മാറിയിട്ടുമുണ്ട്. ഈ ഒരു അവസ്ഥ എപ്പോഴും നിലനിര്‍ത്താന്‍ സാധിക്കില്ല. അപ്പോള്‍ എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും
ഇത് കുടുംബജീവിതത്തിന് ചേരുന്നതല്ല. ഇത് എനിക്ക് ആദ്യസമയങ്ങളില്‍ മനസിലായില്ല. അഭിനയവും ജീവിതവും രണ്ട് രീതിയില്‍ കൊണ്ടുപോകാമെന്നാണ് വിചാരിച്ചത്. അങ്ങനെ കൊണ്ടുപോകാന്‍ സാധിക്കുന്നവരുണ്ട്.
എനിക്കത് പറ്റില്ലെന്ന് ഓരോ ദിവസം കഴിയുംതോറും മനസിലായി. ഇത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനസിലായി. അങ്ങനെയാണ് ആ ബന്ധം ഒഴിവാക്കിയത്. അതിന്റെ ബുദ്ധിമുട്ടുകള്‍ ആദ്യത്തെ കുറച്ച് ദിവസമുണ്ടാകും. ആ വ്യക്തിക്കും ഉണ്ടാകും.
കുറച്ച് കഴിയുമ്പോള്‍ ആ വ്യക്തിക്ക് പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കാം. ഞാന്‍ വീണ്ടും സിംഗിളായി. ഒരു റിലേഷനിലാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടും. നമ്മുടെ ശ്രദ്ധ തന്നെ പൂര്‍ണമായി നഷ്ടപ്പെടും...''