കൊച്ചി: ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഹോട്ടല്‍ ഉടമ സന്തോഷ്.
''ഷൂട്ടിംഗ് സംഘം മൂന്ന് മുറികളാണ് എടുത്തിരുന്നത്. മറ്റുരണ്ട് മുറികളും ചെക്കൗട്ട് ചെയ്തിരുന്നു. 209-ാം നമ്പര്‍ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. അദ്ദേഹം ചെക്കൗട്ട് ചെയ്യാന്‍ വൈകിയപ്പോള്‍ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു.
മുറിയില്‍ ചെന്ന് അന്വേഷിക്കാനാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. ഇതനുസരിച്ച് റൂം ബോയ് മുറിയിലെത്തി ബെല്ലടിച്ചെങ്കിലും തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ നവാസ് തറയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ച് വിവരമറിയിച്ചു.
ഇവിടെനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. കൈകള്‍ അനങ്ങുന്നുണ്ടായിരുന്നു. സിനിമാപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്...''-സന്തോഷ് പറഞ്ഞു.