/sathyam/media/media_files/2025/08/09/1e9424e6-84e8-4ae5-8ca3-16dfae071365-2025-08-09-10-42-11.jpg)
സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സവര്‍ണ്ണ- ജാതീയ- ലിംഗഭേദ വീക്ഷണത്തിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പവതിയെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് ചലച്ചിത്ര രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി.
കുറിപ്പിന്റെ പൂര്‍ണരൂപം
''മാറ്റം 'നാളെ'യല്ല, 'ഇന്ന്' നമുക്കിടയില്‍ എത്തിയിരിക്കുന്നു.
കേരള ഫിലിം പോളിസി കോണ്‍ക്ലേവിലും അതിനു ശേഷമുള്ള ദിവസങ്ങളിലും, മലയാള സിനിമയിലെ പുതിയ സ്ത്രീ-ദളിത് സംവിധായകരുടെ സിനിമപരിചയത്തെ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍, തന്റെ സവര്‍ണ്ണ- ജാതീയ- ലിംഗഭേദ വീക്ഷണം ജനമദ്ധ്യത്തില്‍ വീണ്ടും തുറന്ന് കാണിച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ അതിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായ പ്രശസ്ത ഗായിക പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ -ദളിത്വിരുദ്ധ നിലപാടുകള്‍ അടൂര്‍ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണ്. അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും ണഇഇ അതിശക്തമായി അപലപിക്കുന്നു.
സ്ത്രീകളെയും അരികുകളില്‍ ജീവിക്കുന്നവരെയും പുറം തള്ളുന്ന വരേണ്യ ആണധികാരത്തിനെതിരെ നിര്‍ഭയമായി ശബ്ദമുയര്‍ത്തിയ പുഷ്പവതിയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. ഒപ്പം മലയാള സിനിമയില്‍ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയര്‍ത്തി നില്‍ക്കുന്ന ഉര്‍വശിയെയും, സാന്ദ്ര തോമസിനെയും അഭിനന്ദിക്കുന്നു; മലയാള സിനിമാലോകത്തിനു അഭിപ്രായവ്യത്യാസങ്ങള്‍ പറയുന്ന ഈ സ്ത്രീ ശബ്ദങ്ങള്‍ അന്യമാണ്!
പ്രഗത്ഭ നടി ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സിനിമ അവാര്‍ഡ് നിര്‍ണയ തീരുമാനത്തിനെതിരെയാണ്, സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖലയില്‍ നിന്നു പ്രോഡ്യൂസറായി ശ്രദ്ധേയയായ സാന്ദ്രതോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയാണ് പടപോരുതുന്നത്.
ശ്വേത മേനോന്‍ അടക്കമുള്ള സിനിമസംഘടനകളുടെ മുന്‍ നിരയിലേക്ക് വരുന്ന സ്ത്രീകളോടും പുലര്‍ത്തിപ്പോ രുന്ന നിലപാടുകളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ചിരിക്കുന്ന സ്ത്രീകളാണ് ഇവര്‍.
തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളില്‍ നിശബ്ദരായി നില്‍ക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാം.
ഈ പോരാട്ടങ്ങള്‍ക്ക് ഡബ്ല്യു.സി.സിയുടെ അഭിവാദ്യങ്ങള്‍!''