നടന്‍ ബാലയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം മകള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഭാര്യ അമൃതയും ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്. ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെയാണ് അമൃതയുടെ പ്രതികരണം.
''ഞങ്ങള്‍ ഇച്ചിരി സന്തോഷിച്ചു കഴിഞ്ഞാല്‍ പാപ്പു അങ്ങനെ ചെയ്തെന്നൊക്കെ പറഞ്ഞ് പിറ്റേന്ന് അപ്പുറത്തുനിന്ന് വീഡിയോ ഉണ്ടാകും. മമ്മി എന്താ മിണ്ടാതിരിക്കുന്നതെന്ന് മകള്‍ ചോദിക്കാറുണ്ട്. അവള്‍ക്ക് പന്ത്രണ്ട് വയസായി.
ഈ പിറന്നാളിന് ബാലച്ചേട്ടന്റെ വീഡിയോ വന്നപ്പോള്‍ മമ്മീ എനിക്കൊരു വീഡിയോ ചെയ്യണമെന്നും എന്തായെന്ന് പറയില്ലെന്നും അവള്‍ പറഞ്ഞു. എന്റെ ചാനലൊക്കെ കാണുന്ന അങ്കിള്‍മാരും ആന്റിമാരും ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കുമെന്നും പറഞ്ഞാണ് മോള്‍ അത് ചെയ്തത്. അതിന്റെ കണ്ടന്റ് എനിക്കറിയില്ല.
എന്റെയടുത്ത് പറയാതെ ചെയ്ത കാര്യമാണ്. അവള്‍ കണ്ട് കണ്ട് വിഷമിച്ച്. ഇനിയെങ്കിലും എന്റെ മമ്മി തെറ്റുകാരിയല്ലെന്ന് ആളുകള്‍ അറിയണമെന്ന് കരുതി ചെയ്തതാണ്. അത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോഴേക്ക് അവളെ സൈബര്‍ ബുള്ളിംഗിന് വിട്ടുകൊടുക്കുന്ന രീതിയില്‍ അടുത്ത ഇമോഷണല്‍ വീഡിയോ വന്നു. അവളെ പറയാത്തതായി ഒന്നുമില്ല. കുഞ്ഞുകുട്ടികളെ വിളിക്കാന്‍ പറ്റുന്ന വാക്കുകളൊന്നുമല്ല മലയാളികള്‍ കമന്റ് ചെയ്തത്.
മമ്മി ബ്രെയിന്‍വാഷ് ചെയ്തു, അമ്മയുടെ മോള് തന്നെയെന്നൊക്കെയാണ് ഏറ്റവും കൂടുതല്‍ വന്ന കമന്റ്. കൊച്ചിനെ പറഞ്ഞ് കഴിഞ്ഞാല്‍ എനിക്ക് വിഷമമാകും. അതിന് ക്ലാരിറ്റി പറഞ്ഞേ പറ്റൂ. ആശുപത്രിയില്‍ വന്നപ്പോള്‍ അവള്‍ ലാപ്ടോപ്പ് ചോദിച്ചെന്ന് ബാലച്ചേട്ടന്‍ അഭിമുഖത്തില്‍ പറഞ്ഞതാണ്. ഞാനങ്ങനെ ചോദിച്ചിട്ടില്ലെന്ന് അവള്‍ പറഞ്ഞു.
അതില്‍ ഞാന്‍ എവിടെയാണ് ബ്രെയിന്‍ വാഷ് ചെയ്യുന്നത്. ബാലച്ചേട്ടന്‍ ആ വീഡിയോയില്‍ പറയുകയാണ്, കൂടെ ബാലച്ചേട്ടന്റെ ബ്രദറും എന്റെ അച്ഛനുമൊക്കെ ഉണ്ടായിരുന്നെന്ന്. അണ്ണന്‍ ആ സമയത്ത് അവിടെയില്ല. എന്റെ അച്ഛന്‍ ഐ.സി.യുവിലേക്ക് കയറിയിട്ടില്ല. അവളെ ഞാന്‍ എങ്ങനെയാണ് ബ്രെയിന്‍വാഷ് ചെയ്യുന്നത്.
കോടതിയില്‍ നിന്ന് മോളേ വലിച്ചിഴച്ച് കൊണ്ടുപോയാണ് വണ്ടിയില്‍ കയറ്റിയത്. ഇതെങ്ങനെയാണ് ബ്രെയിന്‍വാഷ് ആകുന്നത്. നൂറ് കണക്കിനാളുകള്‍ കണ്ട സീനാണ്. മൂന്ന് വയസില്‍ അവള്‍ കണ്ട് ഷോക്കായ കാര്യങ്ങള്‍ അവള്‍ പറഞ്ഞു. നിങ്ങള്‍ ഒന്ന് ആലോചിച്ചുനോക്കൂ.
നമ്മുടെ കുട്ടിക്കാലത്തുണ്ടായ ഷോക്കായ അവസ്ഥകള്‍ ഓര്‍മയില്ലേ. അത്ര വേദനിപ്പിച്ച, അല്ലെങ്കില്‍ ഷോക്കായ കാര്യങ്ങള്‍ എനിക്കോര്‍മയുണ്ട്. രണ്ട് വയസിലുണ്ടായ കാര്യങ്ങള്‍ വരെ എനിക്കോര്‍മയുണ്ട്. ഫുള്‍ ചിത്രമായിട്ടില്ലെങ്കിലും ഫ്‌ളാഷ്പോലെയുണ്ട്. അവള്‍ കുഞ്ഞുവാവയായിരുന്ന സമയത്ത് ഈ വക സാഹചര്യങ്ങളില്‍ നിന്ന് അവളെ പിടിച്ചുവലിച്ചുകൊണ്ടുപോയത് എന്റെ വീട്ടിലുണ്ടായിരുന്ന ജോലിക്കാരാണ്.
അവള്‍ക്കൊന്നും പറ്റരുതെന്ന് കരുതി അവളെ പിടിച്ചെടുത്ത് ചേച്ചിമാര്‍ ഓടിക്കളയും. ആ ചേച്ചിമാര്‍ കോടതിയില്‍ ഇതൊക്കെ സാക്ഷി പറഞ്ഞിട്ടുള്ളതാണ്. എന്റെ കുട്ടി സ്‌കൂളില്‍ പോകുമ്പോള്‍ അല്ലെങ്കില്‍ പരിപാടിക്ക് പോകുമ്പോള്‍ അച്ഛന്റെ കൂടെ പോയിക്കൂടെയെന്ന് ചിലര്‍ ചോദിക്കുന്നു.
ഒരിക്കല്‍ സ്‌കൂളിലെ ഒരു കുട്ടി അവളോട് പറഞ്ഞു നിന്റെ അച്ഛന്‍ പറഞ്ഞു അമ്മ അഗ്ലിയാണെന്ന്. മോള്‍ കരഞ്ഞുകൊണ്ടാണ് വീട്ടില്‍ വന്നത്. അഭിരാമി സ്‌കൂളില്‍ പോയി പ്രിന്‍സിപ്പലിനോട് സംസാരിച്ചു. ഇങ്ങനത്തെ സാഹചര്യത്തിലൂടെയാണ് അവള്‍ കടന്നുപോകുന്നത്. മിണ്ടാതിരിക്കുമ്പോള്‍ വീണ്ടും കുറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ എന്ത് തെറ്റാണ് എന്റെ ലൈഫില്‍ ചെയ്തതെന്നാണ് നിങ്ങള്‍ പറയുന്നത്.
പതിനെട്ട് വയസില്‍ ആദ്യമായിട്ടൊരാളെ സ്നേഹിച്ചു, കല്യാണം കഴിച്ചു. അതുകഴിഞ്ഞ് ഞാനവിടെ അനുഭവിച്ച കാര്യങ്ങള്‍, പല ദിവസവും ചോരതുപ്പി ഓരോ മൂലയ്ക്കലും കിടന്നു. എനിക്കെന്റെ വീട്ടില്‍ പോലും പറയാന്‍ പറ്റില്ലായിരുന്നു. കാരണം, അച്ഛനും അമ്മയും അത്രയും എതിര്‍ത്ത വിവാഹമായിരുന്നു.
ഒരുപാട് കാര്യങ്ങളില്‍ ഞാനും എന്റെ കുടുംബവും ചീറ്റ് ചെയ്യപ്പെട്ടു. ബാലച്ചേട്ടന്‍ മുമ്പ് ചന്ദന സദാശിവ റെഡ്ഡിയാര്‍ എന്ന ചേച്ചിയെ വിവാഹം കഴിച്ചിരുന്നെന്ന് വിവാഹ നിശ്ചയത്തിന് ശേഷമാണ് ഞങ്ങള്‍ അറിയുന്നത്. ആ ബന്ധം ഡിവോഴ്‌സായതാണെന്ന് അച്ഛന്റെ സുഹൃത്തുകൂടിയായ രാജാമണി സാറാണ് പറയുന്നത്. എന്‍ഗേജ്മെന്റൊക്കെ വലിയ വാര്‍ത്തയായതാണ്. എങ്കിലും ഇതറിഞ്ഞപ്പോള്‍ ഈ ബന്ധം വേണ്ടെന്ന് അച്ഛനും അമ്മയുമൊക്കെ പറഞ്ഞതാണ്. പക്ഷേ എനിക്ക് അത്രയും ഇഷ്ടമായിരുന്നു ബാലച്ചേട്ടനെ.
ചോര തുപ്പിക്കിടക്കുന്ന അവസ്ഥയില്‍ ഞാന്‍ മാത്രമല്ല, എന്റെ കുഞ്ഞും അതിന്റെ ഭാഗമാകുമെന്ന് മനസിലായതോടെയാണ് കിട്ടിയ സാധനവുമെടുത്ത് ആ വീട്ടില്‍ നിന്ന് ഓടുന്നത്. അല്ലാതെ നിങ്ങള്‍ പറയുന്നതുപോലെ കോടികള്‍ എടുത്ത് ഓടിയതല്ല. ആ ഒരു അവസ്ഥയാണ് കുപ്പി എറിഞ്ഞതിനെപ്പറ്റി അവള്‍ പറഞ്ഞത്. എന്റെ സ്വര്‍ണവും വണ്ടിയുമൊന്നും ഞാനവിടുന്ന് എടുത്തിട്ടില്ല.
ഞങ്ങള്‍ക്കുള്ള ഒരു വീട് വിറ്റാണ് സ്വര്‍ണമൊക്കെ വാങ്ങിയത്. എന്റെയും മോളുടെയും ജീവിതം പോയതാണ്. എന്റെ പഠിപ്പും പോയതാണ്. എല്ലാ വിവാഹ മോചനവും നടക്കുന്നതുപോലെ ഞാനും നഷ്ടപരിഹാരം ചോദിച്ചു. മോളെ കോടതിയില്‍ നിന്ന് വലിച്ചുകൊണ്ടുപോയത് അവള്‍ക്ക് വലിയ ട്രോമയായിരുന്നു.
ഡാഡി വന്ന് പിടിച്ചുകൊണ്ടുപോകുമോയെന്ന് ചോദിച്ച് സ്‌കൂളില്‍ പോലും പോകാന്‍ പേടിയായി. അപ്പോഴാണ് ഞാന്‍ കേസില്‍ നിന്ന് പിന്മാറുന്നത്. നഷ്ട പരിഹാരമൊന്നും വേണ്ട, എന്റെ കുഞ്ഞിനെ മാത്രം ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്ന് പറഞ്ഞു. പൈസ വേണ്ടെങ്കില്‍ കൊച്ചിനെ വേണ്ടെന്ന് പുള്ളിയും പറഞ്ഞു.
അങ്ങനെയാണ് കേസ് തീര്‍പ്പാക്കിയത്. അവളുടെ കല്യാണത്തിന് പോലും ഒറ്റ പൈസ തരില്ലെന്ന് ആ പേപ്പറില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ഇപ്പോള്‍ അച്ഛനും പോയി. ഞങ്ങള്‍ നാല് പെണ്ണുങ്ങള്‍ മാത്രമേയുള്ളൂ. അമ്മയ്ക്കാണേല്‍ ബി.പിയൊക്കെയുണ്ട്.
അടിയും തൊഴിയും കൊണ്ടതുകൊണ്ട് എന്റെ ശരീരത്തിലുണ്ടായ പാടുകളും മറ്റും ഞാന്‍ ഇപ്പോഴും ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലീഡിങ്ങായി ആശുപത്രിയിലായി. സര്‍ജറി ചെയ്തതാണ്. ഇപ്പോള്‍ ചെസ്റ്റ് പെയിന് ചികിത്സ എടുത്തോണ്ടിരിക്കുകയാണ്. സ്വന്തമായൊരു വീടുവയ്ക്കാന്‍ നെട്ടോട്ടമോടുകയാണ്.
പതിനാല് വര്‍ഷത്തിന് ശേഷമാണ് മറ്റൊരു റിലേഷനിലേക്ക് വന്നത്. ഞങ്ങളുടെ ഇടയില്‍ സംഗീതമുണ്ടായിരുന്നു. കൊളമായിപ്പോകല്ലേയെന്ന് പ്രാര്‍ത്ഥിച്ചല്ലേ എല്ലാവരും ഒരു ബന്ധം തുടങ്ങുക. അതുപോലെ തന്നെയായിരുന്നു ഇതും. അപ്പുറത്തും ഒരു വിവാഹം നടന്നിരുന്നു. ഇത്രയും നാള്‍ അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ല. ഒരുപാട് ആഗ്രഹിച്ചായിരുന്നു രണ്ടാമത്തെ റിലേഷനില്‍ വന്നത്. പക്ഷേ അത് വര്‍ക്കായില്ല. സ്‌നേഹത്തോടെ പിരിഞ്ഞു...''