നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പ്രീതി മുകുന്ദനും നായിക. റിയ ഷിബുവാണ് മറ്റൊരു നായിക.
പ്രീതി മുകുന്ദന്റെ രണ്ടാമത്തെ മലയാള ചിത്രമാണ്. ഹൃദു ഹാറൂണിന്റെ നായികയായി മേനേ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. സെപ്തംബര്‍ റിലീസാണ് മേനേ പ്യാര്‍ കിയ.
പ്രശസ്ത നിര്‍മ്മാതാവ് ഷിബു തമ്മീന്‍സിന്റെ മകളും ഹൃദു ഹാറൂണിന്റെ സഹോദരിയുമാണ് റിയ ഷിബു. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, അല്‍ത്താഫ് സലിം, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഫാന്റസി കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും.
സംവിധാനത്തിനു പുറമെ എഡിറ്റിംഗും അഖില്‍ സത്യനാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിനുശേഷം അഖില്‍ സത്യന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഫയര്‍ ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയകുമാറും രാജീവ് മേനോനും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം.
സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ബിജു തോമസ്.അതേസമയം അഖില്‍ സത്യന്‍ ചിത്രം പൂര്‍ത്തിയാക്കിയശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡോള്‍ബി ദിനേശനില്‍ നിവിന്‍ അഭിനയിക്കും.