/sathyam/media/media_files/2025/03/30/lz4Vhb7oqD9K9As86mMg.jpg)
കണ്ണൂര്‍: ഇന്ത്യയിലെ ആദ്യത്തെ എഐ തീം സിനിമയായ 'മോണിക്ക: ഒരു എഐ സ്റ്റോറി' ഏപ്രില്‍ 2 മുതല്‍ രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമായ സിസ്പേസില്‍ സ്ട്രീം ചെയ്യുന്നു.
വിജയകരമായ തിയേറ്റര്‍ റിലീസിന് ശേഷം CSPACE OTT യിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് മോണിക്ക എത്തുകയാണ്. ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത 'മോണിക്ക: ഒരു എഐ സ്റ്റോറി' മനുഷ്യനും കൃത്രിമബുദ്ധിയും തമ്മിലുള്ള ബന്ധത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്.
സ്‌നേഹത്തിനായി കൊതിക്കുന്ന ഒരു ഹൈപ്പര്‍ ആക്ടീവ് വിദ്യാര്‍ത്ഥിയായ സ്വരൂപിന്റെ കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഐടി സ്‌പെഷ്യലിസ്റ്റായ അമ്മാവന്‍ സ്വരൂപിനെ എഐ യുടെ ലോകത്ത് മോണിക്കയെന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതിലൂടെ ബാലന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവാണ് സിനിമയുടെ പ്രമേയം.
ദേശീയ അവാര്‍ഡ് ജേതാവായ ബാല നടന്‍ ശ്രീപത് യാന്‍ സ്വരൂപ് എന്ന ബാലനായി അതിഗംഭീര അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. മലയാളം സംസാരിക്കുന്ന ഇംഗ്ലീഷ് വനിത അപര്‍ണ മള്‍ബറിയുടെ അഭിനയവും മികവാര്‍ന്നതാണ്.
കൃത്രിമബുദ്ധിയുടെ സൂക്ഷ്മമായ സങ്കീര്‍ണതകളെ അവതരിപ്പിച്ചുകൊണ്ട് മോണിക്ക എന്ന എഐ കഥാപാത്രത്തെ അവര്‍ ജീവസുറ്റതാക്കിയിരിക്കുന്നു. ഗോപിനാഥ് മുതുകാട്, സിനി എബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, മന്‍സൂര്‍ പള്ളൂര്‍, ആല്‍ബര്‍ട്ട് അലക്‌സ്, ആനന്ദ് ജ്യോതി, ഷിജിത്ത്, അനില്‍ ബേബി, അജയ് കല്ലായി, പ്രസന്നന്‍ പിള്ള എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
സാങ്കേതികവിദ്യ, മാനവികത, സ്വത്വം എന്നിവയില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ സംഭവിച്ചേക്കാവുന്ന പരിണാമങ്ങളിലേക്കാണ് ഇ.എം. അഷ്റഫും മന്‍സൂര്‍ പള്ളൂരും ചേര്‍ന്ന് രചിച്ച തിരക്കഥ വിരല്‍ ചൂണ്ടുന്നത്.
ആളുകളുടെ സ്വഭാവം റോബോട്ടിക് രീതികളിലേക്ക് മാറുമ്പോള്‍ എഐ എങ്ങനെ കൂടുതല്‍ മനുഷ്യനെപ്പോലെയാകുന്നുവെന്ന് കൂടി ഈ സിനിമ കാണിച്ചു തരുന്നു. എഐ നിയന്ത്രിതമായ ലോകത്ത് നമ്മുടെ ജീവിതത്തില്‍ സാങ്കേതികവിദ്യ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും മനുഷ്യ ബന്ധങ്ങളിലെ വികാര ചോര്‍ച്ചയെക്കുറിച്ചും ഈ സിനിമ പ്രേക്ഷകനുമായി സംവദിക്കുന്നു.
പേ-പെര്‍-വ്യൂ മോഡലില്‍ പ്രവര്‍ത്തിക്കുന്ന CSPCE പ്ലാറ്റ് ഫോമിലൂടെ 75 രൂപയ്ക്ക് സിനിമ കാണാം. ഉയര്‍ന്ന നിലവാരമുള്ള സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം പ്രവര്‍ത്തിക്കുന്നത്.
ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമായ CSPACE OTT ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകൊണ്ട് സിനിമാ പ്രേമികള്‍ക്ക് ഏപ്രില്‍ 2 മുതല്‍ 'മോണിക്ക: ഒരു എഐ സ്റ്റോറി'കാണാന്‍ കഴിയും.