/sathyam/media/media_files/2025/09/02/jayaram-i-have-a-massive-respect-for-this-person-his-older-v0-j8tq1g7snuqa1-2025-09-02-13-36-38.webp)
മികച്ചൊരു ക്ഷീര കര്‍ഷകന്‍ കൂടിയാണ് നടന്‍ ജയറാം. വിവിധ ഇനത്തില്‍പ്പെട്ട ഒട്ടനേകം പശുക്കളാണ് ജയറാമിന്റെ ആനന്ദ് ഫാമിലുള്ളത്. ക്ഷീര കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് രണ്ട് തവണ ജയറാമിനെ തേടിയെത്തി. അവാര്‍ഡ് തനിക്ക് അര്‍ഹതയുള്ളത് കൊണ്ട് കിട്ടിയതാണെന്ന് താരം പറയുന്നു. കളമശേരി കാര്‍ഷികോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയറാം.
'ഞാനൊരു ക്ഷീര കര്‍ഷകനാണെന്ന് വളരെ അഭിമാനത്തോടെ തന്നെ പറയുകയാണ്. അതെന്റെ സ്വകാര്യ സന്തോഷമാണ്. എന്റെ ഫാമോ പശുക്കളെയോ പുറംലോകത്ത് ഞാന്‍ അധികം കൊണ്ടുവന്നിട്ടില്ല.
അതെന്റെ സ്വകാര്യ സന്തോഷമായി എപ്പോഴും കൊണ്ടു നടക്കുന്ന കാര്യമാണ്. രണ്ട് തവണ എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയിട്ടുണ്ട്. സിനിമ നടന്‍ അല്ലേ, എങ്കില്‍ പിന്നെ കൊടുത്തേക്കാമെന്ന് പറഞ്ഞ് തന്ന അവാര്‍ഡ് ആണെന്ന് നിങ്ങള്‍ വിചാരിക്കരുത്.
എനിക്ക് അര്‍ഹതയുള്ളത് കൊണ്ട് കിട്ടിയതാണ്. നൂറ് ശതമാനവും അര്‍ഹതയുള്ളത് കൊണ്ട് കിട്ടിയതാണ്. 2005ല്‍ ഏറ്റവും നല്ല വൃത്തിയുള്ള ഫാമിനുള്ള പുരസ്‌കാരമാണ് കിട്ടിയത്. 2022ല്‍ എന്നെ തിരഞ്ഞെടുക്കാന്‍ കാരണം, 2018ലെ വെള്ളപ്പൊക്കത്തില്‍ 100 ശതമാനം നശിച്ച് പോയൊരു ഫാമാണ് എന്റേത്. പെരിയാറിന്റെ തീരത്താണ്.
ആ ചെളിയുടെ കൂമ്പരം മാറ്റാന്‍ മാത്രം നാലും അഞ്ചും മാസം വേണ്ടി വന്നു. എത്രയോ പശുക്കളാണ് വെള്ളത്തില്‍ ഒലിച്ച് പോയത്. വീണ്ടും വേണോ വേണ്ടയോ എന്ന് കരുതി, മണ്ണിനോടുള്ള ഇഷ്ടം കൊണ്ട് തിരിച്ച് എല്ലാം കെട്ടിപ്പടുത്ത്, 2022ല്‍ ഏറ്റവും മികച്ച ഫാമാക്കി, ലാഭകരമായ ഫാമാക്കി മാറ്റി. അതിനാണ് എനിക്ക് അവാര്‍ഡ് ലഭിച്ചത്.
അതിനാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് തന്നത്. അല്ലാതെ വെറുതെ അല്ല. പശുക്കള്‍ക്ക് ഉപയോഗിക്കുന്ന കേരള ഫീഡ്‌സ് എന്ന ഉത്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ഞാന്‍. അതും സിനിമാ നടനായത് കൊണ്ടല്ല. ജയറാമിന്റെ വാക്കുകള്‍. മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഫാമിന് ആനന്ദ് എന്ന പേര് നല്‍കിയത്...''