ഞാന്‍ ഒന്നും കൈയ്യിട്ട് വാരിയിട്ടില്ല, ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെ എന്തിനാണ് എന്നെ കുരിശില്‍ കയറ്റുന്നത്? ഇറക്കാനാണെങ്കില്‍ എന്റെ കൈയ്യില്‍ എന്തോരം ക്ലിപ്പുകള്‍ ഇരിക്കുന്നു, ഞാനതെല്ലാം പുറത്ത് വിട്ടിരുന്നെങ്കില്‍ അമ്മയ്ക്കകത്ത് വലിയ വിവാദങ്ങളുണ്ടായേനെ: നാസര്‍ ലത്തീഫ്

"ഒരു വര്‍ഷം മുമ്പ് എന്തോ ഒരു മാനസിക വിഷമം നേരിട്ട സമയത്ത് അയച്ചൊരു ഓഡിയോ ക്ലിപ്പ് സൂക്ഷിച്ച് വച്ച് ഇപ്പോള്‍ എടുത്തിടുന്നത് വിശ്വാസ വഞ്ചനയല്ലേ"

author-image
ഫിലിം ഡസ്ക്
New Update
631ee207-58ab-493b-9c19-c9b0e023a7b0 (1)

വീഡിയോ ക്ലിപ്പ് വിവാദത്തില്‍ നടന്‍ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നടന്‍ നാസര്‍ ലത്തീഫ്. അമ്മയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് നാസര്‍ ലത്തീഫ് ജയന്‍ ചേര്‍ത്തലയ്ക്കെതിരെ വീഡിയോയുമായെത്തിയത്. 

നാസര്‍ ലത്തീഫിന്റെ വാക്കുകള്‍:

Advertisment

''ഇന്ന് എനിക്ക് വളരെ ദുഃഖം നിറഞ്ഞൊരു ദിവസമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ നാമനിര്‍ദേശം അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഞാന്‍ വൈസ് പ്രസിഡന്റായി നില്‍ക്കുന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നു. 

ഞാന്‍ എന്റെ സ്വന്തം സഹോദരനായി കാണുന്ന, സുഹൃത്തും വളരെ അടുത്ത സഹപ്രവര്‍ത്തകനുമായ ജയ ചേര്‍ത്തലയ്ക്ക് ഒരു വര്‍ഷം മുമ്പ് ഏതോ മാനസിക വിഷമത്തില്‍ ഒരു ഓഡിയോ ക്ലിപ് അയച്ചിരുന്നു. ആ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ ഇലക്ഷന്‍ സ്റ്റണ്ടായി പുറത്തെടുത്തിരിക്കുകയാണ്. എന്തിനാണിത്? ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?

അങ്ങനെ ഇറക്കാനാണെങ്കില്‍ എന്റെ കൈയ്യില്‍ എന്തോരം ക്ലിപ്പുകള്‍ ഇരിക്കുന്നു. ഞാനതെല്ലാം പുറത്ത് വിട്ടിരുന്നുവെങ്കില്‍ വലിയ വിവാദങ്ങളാകും അമ്മയ്ക്ക് അകത്ത്. ഞാന്‍ അങ്ങനൊരു മനുഷ്യനല്ല. ഇതൊക്കെ വിശ്വാസ വഞ്ചനയാണ്. വേറൊന്നും പറയാനില്ല. 

നമ്മള്‍ സുഹൃത്തിനെ വിശ്വസിച്ച് ഒരു കാര്യം അയയ്ക്കുന്നതാണ്. അത് സൂക്ഷിച്ച് വച്ച് ഇലക്ഷന്റെ പ്രഖ്യാപനം വരുന്ന ദിവസം അതെടുത്ത് വൈറലാക്കി, എല്ലാ ചാനലുകാര്‍ക്കും കൊടുത്ത് നമ്മളെ ചീപ്പാക്കുന്ന പരിപാടി. എന്താണ് ഇതിന്റെ ആവശ്യം? എന്ത് നേടാനാണ്?

എന്നോട് ഒരു വാക്ക് പറഞ്ഞാല്‍ മതി, ഞാന്‍ ഇപ്പോഴും തയ്യാറാണ് ഒഴിഞ്ഞു മാറാന്‍. എനിക്ക് അമ്മയ്ക്ക് അകത്തു വന്ന് ഒന്നും നേടാനില്ല. ദൈവം സാക്ഷി ഞാന്‍ അതിന് വേണ്ടിയല്ല നില്‍ക്കുന്നത്. എനിക്ക് എന്തെങ്കിലും സല്‍പ്രവര്‍ത്തികള്‍ ചെയ്യണമെന്ന ആഗ്രഹം തോന്നി. അത്രമാത്രം. ഇപ്പോഴും ഞാനിതില്‍ നിന്നും മാറിത്തരാം. 

സന്തോഷം മാത്രമേയുള്ളൂ. എന്റെ അനുജത്തിയെ പോലെ കരുതുന്ന ലക്ഷ്മി പ്രിയയും എന്റെ അനുജനെപ്പോലെ കരുതുന്ന ജയന്‍ ചേര്‍ത്തലയും വന്നിരുന്നോട്ടെ ആ കസേരയില്‍. എനിക്കിതില്‍ ഒരു താല്‍പര്യവുമില്ല. എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്? ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്?

ഒരു വര്‍ഷം മുമ്പ് എന്തോ ഒരു മാനസിക വിഷമം നേരിട്ട സമയത്ത് അയച്ചൊരു ഓഡിയോ ക്ലിപ്പ് സൂക്ഷിച്ച് വച്ച് ഇപ്പോള്‍ എടുത്തിടുന്നത് വിശ്വാസ വഞ്ചനയല്ലേ. എനിക്ക് ഒന്നും പറയാനില്ല. പ്രിയപ്പെട്ടവരെ എന്റെ സത്യസന്ധത നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടെങ്കില്‍ വോട്ട് ഇടുക. അല്ല എന്നുണ്ടെങ്കില്‍ നന്നായി തോന്നുന്ന ആര്‍ക്കും വോട്ട് കൊടുത്ത് വിജയിപ്പിക്കുക. 

നമ്മുടെ എല്ലാവരുടേയും ആവശ്യം സമ്മ എന്ന സംഘടന നന്നായി മുന്നോട്ട് പോകണം, എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാകണം. ഇത് മാത്രമേ നമ്മുടെ എല്ലാവരുടേയും ചിന്തയിലുളളൂ. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഇത് ചെയ്തവരേയും ദൈവം നന്നാക്കട്ടെ.

സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ എന്തെങ്കിലും വാചകങ്ങള്‍ വായില്‍ നിന്നും വന്നു പോവൂല്ലേ? ഇതൊക്കെ ആദ്യമായിട്ടാണോ? അല്ലാണ്ട് ഞാന്‍ ഒന്നും കൈയ്യിട്ട് വാരിയിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്? എന്തിനാണ് എന്നെ കുരിശില്‍ കയറ്റുന്നത്? എല്ലാവരോടും മാപ്പ്...'' 

Advertisment