മലയാളസിനിമയെ ഞെട്ടിച്ച വില്ലന്‍; മമ്മൂട്ടി പകര്‍ന്നാടിയ  കളങ്കാവല്‍, അവിശ്വസനീയമെന്ന് ആസ്വാദകര്‍

ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാനസംരംഭമാണ് കളങ്കാവല്‍. മെഗാസ്റ്റാറിനായി വളരെ സങ്കീര്‍ണവും നിഗൂഢവുമായ കഥാപാത്രത്തെയാണ് സൃഷ്ടിച്ചത്. ചിത്രത്തിലെ വിനായകന്റെ കഥാപാത്രവും ശക്തമാണ്.

author-image
ഫിലിം ഡസ്ക്
New Update
7878

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത കഥാപാത്രമാണ് കളങ്കാവല്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ വില്ലന്‍തന്നെയാണ് കളങ്കാവലിലെ വിസ്മയം. മമ്മൂട്ടിയുടെ ആന്റി ഹീറോ കഥാപാത്രം പ്രേക്ഷകര്‍ക്ക് അവിശ്വസനീയമായിനില്‍ക്കുന്നു. 

Advertisment

ആദ്യ രംഗങ്ങളിലൂടെ പ്രേക്ഷകര്‍ കടന്നുപോകുമ്പോള്‍ത്തന്നെ, സംവിധായകന്‍ ജിതിന്‍ കെ. ജോസ് കളങ്കാവല്‍ താരാധിഷ്ടതമല്ല, മറിച്ച് കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രൈം ത്രില്ലറാണെന്ന് സൂചിപ്പിക്കുന്നു. മനോരോഗിയും സീരിയല്‍ കില്ലറുമായ സ്റ്റാന്‍ലി ജോസും (മമ്മൂട്ടി) അയാളെ പൂട്ടാന്‍ ആഗ്രഹിക്കുന്ന കര്‍മനിരതനായ പോലീസ് ഓഫീസര്‍ എസ്ഐ ജയകൃഷ്ണനും (വിനായകന്‍) തമ്മിലുള്ള ചതുരംഗക്കളിയാണ് കളങ്കാവല്‍!  

kalamkaval

സിനിമയുടെ പ്രൊമോയില്‍, സ്ത്രീകളെ ഒന്നിനുപുറകെ ഒന്നായി കൊന്നൊടുക്കുന്ന പ്രതിനായകനാണ് മമ്മൂട്ടി എന്നു വ്യക്തമാണ്. മമ്മൂട്ടി തന്റെ കരിയറില്‍ ആദ്യമായല്ല ഒരു കൊലപാതകിയുടെ വേഷം അവതരിപ്പിക്കുന്നത് - മുന്നറിയിപ്പ് , റോഷാക്ക് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അത്തരം വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്.

സംവിധായകന്‍ സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രത്തെ വളരെ സൂക്ഷ്മമായാണു സൃഷ്ടിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ പ്രകടനവുമായി കൂടിച്ചേര്‍ന്നപ്പോള്‍, മമ്മൂട്ടി പ്രതിനായകന്മാരുടെ നായകനായി മാറുന്ന പാത്രസൃഷ്ടിയാണ് വെള്ളിത്തിരയില്‍ നടത്തിയത്. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ താമസിക്കുന്ന ഒരു മധ്യവര്‍ഗക്കാരനെ പരിചയപ്പെടുത്തുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. 

കുടുംബത്തെയും പഴയ ഹോണ്ട കാറിനെയും പഴയ തമിഴ് ഗാനങ്ങളെയും സ്നേഹിക്കുന്ന അയാള്‍, ഭാര്യയോടൊപ്പം സന്തുഷ്ടനായിരിക്കുമ്പോള്‍ തന്നെ മറ്റു സ്ത്രീകളുമായും പ്രണയബന്ധങ്ങളില്‍ മുഴുകുന്നു. കൊലപാതകം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അയാള്‍ സ്ത്രീകളുമായി അടുക്കുന്നത്. 

തന്റെ കാമുകിമാരില്‍ ഒരാളായ ദീപയോട് (ശ്രുതി രാമചന്ദ്രന്‍) അയാള്‍ പറയുന്നു, 'അപകടസാധ്യത കൂടുന്തോറും സംതൃപ്തിയും വര്‍ധിക്കും' എന്ന്. അതേസമയം തന്നെ, തന്റെ വികലമായ മനസിനെ അവിശ്വസനീയമായ ശാന്തതയോടെ തുറന്നുകാട്ടിക്കൊണ്ട് അയാള്‍ അവളെ ഇല്ലാതാക്കുന്നു. വിധവകളായ, വിവാഹമോചിതരായ അല്ലെങ്കില്‍ വിവാഹപ്രായമായ സ്ത്രീകളെയാണ് അയാള്‍ ഇരകളായി തേടുന്നത്. 

അതേസമയം, കേരളത്തില്‍ ഒരു പെണ്‍കുട്ടി ഒളിച്ചോടിയതായി ആരോപിക്കപ്പെടുന്നതിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം അന്വേഷിക്കാന്‍ പോലീസ് ഓഫീസര്‍ ജയകൃഷ്ണന്‍ (വിനായകന്‍) നിയോഗിക്കപ്പെടുന്നു. ഈ കേസില്‍ അദ്ദേഹം ആഴത്തില്‍ അന്വേഷിക്കാന്‍ തുടങ്ങുമ്പോള്‍, കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി സ്ത്രീകളെ കാണാതായതിന്റെ കേസുകള്‍ കണ്ടെത്തുന്നു. 

സ്ത്രീകള്‍ അടുത്തിടെ പരിചയത്തിലാകുന്ന പുരുഷനോടൊപ്പം ഒളിച്ചോടിയതായാണ് അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കുന്ന വിവരം. ജയകൃഷ്ണന്‍ അവരുടെ മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തില്‍ വിചിത്രമായ രീതി കാണാന്‍ തുടങ്ങുന്നതുവരെ കുറ്റകൃത്യത്തിന്റെ സംശയം നിലനില്‍ക്കുന്നില്ല. 

കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിനായി പോലീസ് ഓഫീസര്‍ കേരളത്തില്‍നിന്ന് തമിഴ്‌നാട് അതിര്‍ത്തി കടക്കുമ്പോള്‍, കേസ് വളരെ മൂര്‍ച്ചയുള്ളതും അപ്രതീക്ഷിതവുമായ വഴിത്തിരിവിലേക്കും മാറുന്നു. അത് പ്രേക്ഷകരെയും ഞെട്ടിക്കുന്നു.

ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാനസംരംഭമാണ് കളങ്കാവല്‍. മെഗാസ്റ്റാറിനായി വളരെ സങ്കീര്‍ണവും നിഗൂഢവുമായ കഥാപാത്രത്തെയാണ് സൃഷ്ടിച്ചത്. ചിത്രത്തിലെ വിനായകന്റെ കഥാപാത്രവും ശക്തമാണ്. വിനായകന്‍ അതിനോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. അതും സിനിമയെ മികച്ച അനുഭവമാക്കി മാറ്റുന്നു. വിനായകന്റെ ഇതുവരെയുള്ള കരിയറിലെ മികച്ച കഥാപാത്രമാണ് കളങ്കാവലിലെ പോലീസ് ഓഫീസര്‍ ജയകൃഷ്ണന്‍.

kalamkaval-box-office-day-1-dis-1764980886

കഥാപാത്രങ്ങള്‍ ശക്തമാണെങ്കിലും തിരക്കഥയില്‍ ലാഗിംഗ് അനുഭവപ്പെടുന്നുണ്ട്. കാരണം ഇതൊരു സ്ലോ ബേണ്‍ ക്രൈം ത്രില്ലറാണ്. ചില രംഗങ്ങളില്‍ പിരിമുറുക്കം ഇല്ലാതാകുന്നതും അനുഭവപ്പെടുന്നുണ്ട്. കഥയില്‍ പുതുമയില്ലാത്തതിനാല്‍ (യഥാര്‍ത്ഥ ജീവിതത്തിലെ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനെ ഓര്‍മിപ്പിക്കുന്നു-കര്‍ണാടകയിലെ സീരിയല്‍ കില്ലര്‍ മോഹന്‍ കുമാര്‍ വിവേകാനന്ദന്‍. 20 സ്ത്രീകളെ അയാള്‍ കൊലപ്പെടുത്തി. 

സ്ത്രീകളുമായി അടുക്കുകയും സ്ത്രീധനം ആവശ്യപ്പെടാതെ കല്യാണം കഴിക്കുകയും പിന്നീടു സയനഡ് കലര്‍ത്തിയ ഗുളിക നല്‍കി കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. അവരുടെ ആഭരണങ്ങളും പണവും ഇയാള്‍ കൈക്കലാക്കും) തിരക്കഥയില്‍ ധാരാളം സിനിമാറ്റിക് പിരിമുറുക്കവും സസ്‌പെന്‍സും സൃഷ്ടിക്കുമെന്ന് ആദ്യമേ പ്രതീക്ഷിക്കാം.

സീരിയല്‍ കില്ലറുടെ മനഃശാസ്ത്രപരമായ വശങ്ങള്‍ സ്പര്‍ശിക്കപ്പെടാതെയും പര്യവേക്ഷണം ചെയ്യപ്പെടാതെയും തിരക്കഥ മുന്നോട്ടുപോകുമ്പോള്‍; ചിത്രത്തിന്റെ അവസാനത്തോടെ, ഒരു പോലീസ് ഡ്രമയായി മാറുന്ന പതിവുകാഴ്ചയായി കളങ്കാവല്‍ മാറുന്നുവെന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. 

മമ്മൂട്ടിയുടെ കഥാപാത്രത്തെ മനഃശാസ്ത്രപരമായി വിലയിരുത്താന്‍ നിരവധി സാധ്യതകളുണ്ടായിരുന്നു. എന്നാല്‍, സംവിധായകന്‍ അതിനു മുതിരുന്നില്ല. കൊലപാതകിയുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍ പ്രേക്ഷകര്‍ക്ക് അവസരമില്ല. മമ്മൂട്ടിയുടെയും വിനായകന്റെയും പ്രകടനങ്ങള്‍ അവിസ്മരണീയമാണെങ്കിലും, ചുരക്കത്തില്‍ ഒരു സീരിയല്‍ കില്ലറെക്കുറിച്ചുള്ള മറ്റൊരു സിനിമ മാത്രമാണിത്.

കളങ്കാവല്‍ യഥാര്‍ഥത്തില്‍ മമ്മൂട്ടിച്ചിത്രം തന്നെയാണ്. ആന്റി ഹീറോ കഥാപാത്രമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് വെള്ളിത്തിരയില്‍ ദൃശ്യമായത്. തന്റെ മികച്ച കരിയറിലെ ഈ ഘട്ടത്തില്‍ ഇത്തരം നെഗറ്റീവ് വേഷങ്ങള്‍ ഏറ്റെടുക്കാന്‍ ധൈര്യപ്പെട്ടതിന് 74കാരനായ മെഗാതാരം എക്കാലവും ഹൃദയംനിറഞ്ഞ പ്രശംസ അര്‍ഹിക്കുന്നു.

Advertisment