/sathyam/media/media_files/2025/08/22/30d00f1c-6d49-40a2-9801-62fbbde70f5b-2025-08-22-23-23-42.jpg)
തൊണ്ണൂറ്റിരണ്ട് വയസുള്ള അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് പറഞ്ഞെന്നും അതിനാല്‍ അമ്മയേയും കൂട്ടി ഗാന്ധിഭവനിലേക്ക് വരികയായിരുന്നുവെന്നും നടി ലൗലി ബാബു.
''എന്റെ അമ്മയ്ക്ക് തൊണ്ണൂറ്റി രണ്ട് വയസുണ്ട്. കാലം മാറിയപ്പോള്‍ മക്കള്‍ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളൂ അവസാനം എന്റെ ഭര്‍ത്താവും പറഞ്ഞു, ഇത് വല്യ ബുദ്ധിമുട്ടാണ്, ഇതിനെ എവിടെയെങ്കിലും കൊണ്ടാക്കണമെന്ന്.
ആണും പെണ്ണുമായിട്ട് ഒറ്റമോളാണ് ഞാന്‍. അമ്മയ്ക്ക് പ്രതീക്ഷയുണ്ടാകില്ലേ. ഭര്‍ത്താവൊക്കെ അങ്ങനെ പറഞ്ഞത് എനിക്ക് ഭയങ്കര സങ്കടമുള്ള സംഭവമാണ്. അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് അന്നുതൊട്ടേ ആഗ്രഹിക്കുന്നുണ്ട്.
പക്ഷേ അങ്ങനെ പോയാല്‍ അമ്മ ഒറ്റപ്പെട്ടുപോകും. അമ്മയ്ക്ക് മാനസികമായി അസുഖമുണ്ടാകും. ഞാനും കൂടെ പോയാല്‍ അമ്മയ്ക്ക് സന്തോഷമുണ്ടാകുമെന്ന് ഞാന്‍ ആലോചിച്ചു. നമുക്കെവിടെയെങ്കിലും പോകാമെന്ന് പറഞ്ഞപ്പോള്‍, നീ എന്റെ കൂടെയുണ്ടെങ്കില്‍ ഞാന്‍ എവിടെ വേണമെങ്കിലും വന്നോളാമെന്ന് പറഞ്ഞു.
മക്കള്‍ രണ്ടുപേരും ഒരു ദിവസം ഇവിടെ വന്നു. അമ്മയെ കാണാതെ പോയി. മക്കളെ വളര്‍ത്തി, അവരുടെ കൊച്ചുമക്കളെയും പൊന്നുപോലെ നോക്കി. ആ മക്കള്‍ ഇവിടെ വന്നിട്ട് കാണാതെ പോയത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. അവരെന്തിയേ എന്ന് അമ്മ ചോദിച്ചു. ഇപ്പോള്‍ വരുമെന്ന് ഞാന്‍ പറഞ്ഞു.
വൈകുന്നേരം വരെ അമ്മ അവരെ നോക്കിയിരുന്നു. അവര്‍ വന്നില്ല. ഇതൊരു അവസ്ഥയാണ്, വാര്‍ദ്ധക്യം. അമ്മയെ നോക്കാന്‍ ഞാനുണ്ട്. എന്നെ നോക്കാന്‍ ആരുണ്ടാകുമെന്ന് ചോദിക്കുമ്പോള്‍ ഗാന്ധിഭവന്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞാന്‍ ഇപ്പോള്‍...''