സുരേഷ് ഗോപി നായകനായ ജാനകി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റെയും സിനിമയുടെ ടൈറ്റിലില്‍ വന്നിരിക്കുന്ന ജാനകി എന്ന പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനെതിരെ തിരുവനന്തപുരത്ത് സിനിമാസംഘടനകളുടെ പ്രതിഷേധം. സിനിമാപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ഫെഫ്ക, താരസംഘടനയായ അമ്മ, നിര്‍മാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലെക്സിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നിലാണ് സമരം. സിനിമാ താരങ്ങളും നിര്‍മാതാക്കളും സംവിധായകരും അണിയറ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി കത്രികകള്‍ കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ചു.
കലാകാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കാത്ത എല്ലാ കത്രികകളും ചെന്നെത്താന്‍ പോകുന്ന സ്ഥലം കുപ്പത്തൊട്ടിയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പ്രഖ്യാപിച്ചു. ബി. ഉണ്ണികൃഷ്ണന്‍ സ്റ്റാര്‍ട്ട്, ആക്ഷന്‍, നോ കട്ട് എന്ന് പറഞ്ഞപ്പോള്‍ കത്രികകള്‍ കുപ്പത്തൊട്ടിയിലിട്ടു. സെന്‍സര്‍ ബോര്‍ഡിന്റെ നീതി നിഷേധത്തിനെതിരേ പോരാടുക, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം.