പൂവച്ചല്‍ ഖാദര്‍ ഓര്‍മ ദിനത്തോടനുബന്ധിച്ച് പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറം നല്‍കുന്ന സിനിമ-ടെലിവിഷന്‍-മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
സിനിമ വിഭാഗത്തില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സുധീര്‍ കരമനയ്ക്ക് ലഭിച്ചു. ഇ.ഡി. സിനിമയിലെ കഥാപാത്രത്തിനാണ് പുരസ്‌കാരം.
മികച്ച ചിത്രമായി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച 'തുടരും' തെരഞ്ഞെടുക്കപ്പെട്ടു. സിനിമാരംഗത്തെ സമഗ്രസംഭാവനക്ക് പ്രശസ്ത സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അര്‍ഹനായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള റിപ്പോര്‍ട്ടറായി കൈരളി ന്യൂസ് എഡിറ്റര്‍ രാജ്കുമാറിനെയും തെരഞ്ഞെടുത്തു.
അഞ്ച് വിഭാഗങ്ങളിലായി അറുപതിലധികം പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ശനി വൈകിട്ട് 6.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും.
ഐ.ബി. സതീഷ് എം.എല്‍.എ. അധ്യക്ഷനാകും. പ്രശസ്ത ഗാനരചയിതാവും കവിയുമായിരുന്ന പൂവച്ചല്‍ ഖാദറിന്റെ സ്മരണയ്ക്ക് പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറമാണ് എല്ലാവര്‍ഷവും സിനിമാ, സീരിയല്‍, മാധ്യമരംഗത്ത് മികവാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്.