കമലഹാസന്‍ ചിത്രം തഗ്ഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. നിയമം ആവശ്യപ്പെടുന്നത് സിനിമ റിലീസ് ചെയ്യണമെന്നാണെന്ന് കോടതി പറഞ്ഞു.
നടന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളേയും കോടതി വിമര്‍ശിച്ചു. ചിത്രം കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കാണേണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രദര്‍ശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് റെഡ്ഡി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തമിഴില്‍ നിന്നാണ് കന്നഡ ഉത്ഭവിച്ചതെന്ന് കമല്‍ ഹാസന്റെ പരാമര്‍ശത്തെത്തുടര്‍ന്നാണ് കര്‍ണാടകയില്‍ പ്രദര്‍ശനം നിരോധിച്ചത്.
സിബിഎഫ്സി സര്‍ട്ടിഫിക്കറ്റുള്ള ഏതൊരു സിനിമയും റിലീസ് ചെയ്യണമെന്നും സംസ്ഥാനം അതിന്റെ പ്രദര്‍ശനം ഉറപ്പാക്കണമെന്നും നിയമവാഴ്ച ആവശ്യപ്പെടുന്നു.
ആരെങ്കിലും ഏതെങ്കിലും തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ മറുപ്രസ്താവനകള്‍ കൊണ്ട് നേരിടണം. തിയറ്ററുകള്‍ കത്തിക്കുമെന്ന് ഭീഷണിയിറക്കുകയല്ല ചെയ്യേണ്ടത്. സിനിമ ആര് കാണുന്നുവെന്നും കാണുന്നില്ല എന്നതും ഇവിടുത്തെ പരിഗണനാവിഷയമല്ല.
അത് തീരുമാനിക്കാന്‍ ഒരു ആള്‍ക്കൂട്ടത്തെ അനുവദിക്കരുത്. കര്‍ണാടകയിലെ എല്ലാവരും നിര്‍ബന്ധമായും പോയി സിനിമ കാണണമെന്ന് കോടതി ഉത്തരവിടുന്നില്ല. പക്ഷെ സിനിമ നിര്‍ബന്ധമായും അവിടെ റിലീസായിരിക്കണം. ജനങ്ങള്‍ക്ക് കാണാതിരിക്കാനുളള സ്വാതന്ത്ര്യമുണ്ട്. അതുപോലെ സിനിമ റിലീസ് ചെയ്യാനുളള സ്വാതന്ത്ര്യം പൗരനമുമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.