താരസംഘടനയായ അമ്മ യോഗത്തില്‍ നടന്‍ ബൈജുവിനോട് മോഹന്‍ലാല്‍ പൊട്ടിത്തെറിച്ചെന്ന സംഭവത്തില്‍ പ്രതികരിച്ച് ബൈജു. മോഹന്‍ലാലിന്റെ മറുപടി വളച്ചൊടിച്ചാണ് ഇത്തരം പ്രചരണമെന്ന് ബൈജു പറഞ്ഞു.
''സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില വാര്‍ത്തകള്‍ ഞാനും കണ്ടു. സത്യമറിയാതെയാണ് ചിലര്‍ അത് പ്രചരിപ്പിക്കുന്നത്. വാസ്തവം അതൊന്നുമല്ല.
'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിംഗിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ പങ്കെടുക്കുന്നത്. മീറ്റിംഗിന് കുറച്ച് താമസിച്ചാണ് ഞാന്‍ എത്തിയത്. അപ്പോള്‍ തന്നെ മോഹന്‍ലാല്‍ പ്രസംഗിച്ച് കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കമ്മിറ്റിയും പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനം ഒഴിയുകയാണെന്നും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയാണെന്നും തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ പ്രസംഗിച്ചപ്പോള്‍ ഇപ്പോഴുള്ള കമ്മിറ്റി രണ്ടുവര്‍ഷം കൂടി അങ്ങനെ പോകട്ടെയെന്ന് സംസാരിച്ചു. മോഹന്‍ലാല്‍ നേരത്തെ മാറാന്‍ തീരുമാനിച്ചതിന് ശേഷമാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്.
അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞത് മാത്രമാണ്. അല്ലാതെ പ്രശ്‌നമില്ല...''