/sathyam/media/media_files/2025/08/27/ea424824-78b8-41fc-adc4-8648e6ee3601-2025-08-27-14-51-48.jpg)
ഡോ. ബിജു സംവിധാനം ചെയ്ത ഇന്ത്യ-പാപുവ ന്യൂഗിനി സംയുക്ത നിര്‍മാണ സംരംഭമായ 'പപ്പ ബുക്ക' ഓസ്‌കറിന്. 2026 ലെ മികച്ച രാജ്യാന്തര സിനിമയ്ക്കായുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എന്‍ട്രിയായാണ് പാപ്പ ബുക്ക തെരഞ്ഞെടുക്കപ്പെട്ടത്.
ചരിത്രത്തില്‍ ആദ്യമായാണ് പാപുവ ന്യൂഗിനി ഒസ്‌കാറിന് ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പാപുവ ന്യൂഗിനിയുടെ ഓസ്‌കാര്‍ സിലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്.
മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള ഡോ. ബിജുവിന്റെ ചിത്രങ്ങള്‍ പലവട്ടം രാജ്യാന്തര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
പോര്‍ട്ട് മോറെസ്ബിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാപുവ ന്യൂഗിനിയുടെ ടൂറിസം, സാംസ്‌കാരിക മന്ത്രി ബെല്‍ഡണ്‍ നോര്‍മന്‍ നമഹ്, പാപുവ ന്യൂഗിനി നാഷനല്‍ കള്‍ച്ചറല്‍ കമ്മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്ബ് കിലാണ്ട, പാപുവ ന്യൂഗിനി ഓസ്‌കാര്‍ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡോണ്‍ നൈല്‍സ് എന്നിവര്‍ ആണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്.
പാപുവ ന്യൂഗിനിയിലാണ് പപ്പ ബുക്ക ചിത്രീകരിച്ചത്. അവിടുത്തെ ഭാഷയായ ടോക് പിസിന് ഒപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലിഷ് ഭാഷകളും ചിത്രത്തിലുണ്ട്. പാപുവ ന്യൂഗിനി നിര്‍മാണക്കമ്ബനിയായ നാഫ യുടെ ബാനറില്‍ നോലെന തൌലാ വുനം, ഇന്ത്യയില്‍നിന്ന് അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ്), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ (സിലിക്കന്‍ മീഡിയ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് പാപുവ ന്യൂഗിനിയിലെ ഗോത്രവംശജനായ 85 കാരന്‍ സിനെ ബൊബോറൊ ആണ്. ഇന്ത്യയില്‍നിന്നു പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി, മലയാളി നടന്‍ പ്രകാശ് ബാരെ എന്നിവരും ചിത്രത്തിലുണ്ട്. ജോണ്‍ സൈക്, ബാര്‍ബറ അനാറ്റു, ജേക്കബ് ഒബുരി, സാന്ദ്രാ ദാവുമ, ക്ലെമന്റ് ജിമാ, മാക്‌സ് മാസോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മൂന്നു തവണ ഗ്രാമി പുരസ്‌കാരം ലഭിച്ച റിക്കി കേജ് ആണ്. ഛായാഗ്രാഹണം യദു രാധാകൃഷ്ണന്‍, സഹരചയിതാവ് ഡാനിയല്‍ ജോനര്‍ ദഗ്ട്ട്, എഡിറ്റര്‍ ഡേവിസ് മാനുവല്‍.
ഓസ്‌കാറില്‍ ഔദ്യോഗികമായി പാപുവ ന്യൂഗിനിയെ പ്രതിനിധീകരിച്ചു സിനിമ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും സംവിധായകന്‍ എന്ന നിലയില്‍ ഇതൊരു അപൂര്‍വ ബഹുമതിയാണെന്നും ഡോ. ബിജു പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കറിലെത്തുന്നത്.