/sathyam/media/media_files/2025/08/23/e5d5dd34-2b09-4668-b0cb-5f701719101f-2025-08-23-12-31-40.jpg)
ദൃശ്യം മൂന്നാം ഭാഗം മുന്‍ ഭാഗങ്ങള്‍ പോലെ ത്രില്ലര്‍ ആയിരിക്കില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്.
''ദൃശ്യം 3 ത്രില്ലര്‍ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
ആദ്യത്തെ സിനിമ ഇന്‍വെസ്റ്റിഗേഷന്‍ ആയിരുന്നു. അത് കഴിഞ്ഞ് മമ്മി ആന്റ് മി ആണ്. പിന്നെ ചെയ്തത് മൈ ബോസ് ആണ്. ബ്രാന്റഡ് ആകണം എന്ന താല്‍പര്യമുണ്ടായിരുന്നില്ല.
പക്ഷെ നിര്‍ഭാഗ്യവശാല്‍ മെമ്മറീസ് കഴിഞ്ഞ് ദൃശ്യം കൂടി വന്നപ്പോള്‍ ടാഗ് ചെയ്യപ്പെട്ടു. ദൃശ്യം 2 കണ്ട് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ലാല്‍ സാര്‍ ചോദിച്ചു, മൂന്നാം ഭാഗത്തിനുള്ള സ്‌കോപ്പുണ്ടോ?
എനിക്കറിയില്ല, പക്ഷെ മൂന്നാം ഭാഗം ഉണ്ടെങ്കില്‍ ഇങ്ങനെ ആയിരിക്കണം അവസാനിക്കേണ്ടതെന്ന് പറഞ്ഞു. ഇത് കൊള്ളാമല്ലോ എന്ന് ലാല്‍ സാര്‍ പറഞ്ഞു. എനിക്കറിയില്ല, ക്ലൈമാക്സ് മാത്രമേയുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. ഇത് നടക്കുന്നത് 2021ല്‍ ആണ്. നാല് വര്‍ഷമെടുത്തു ദൃശ്യം ത്രീയിലേക്ക് എത്താന്‍.
പൈസയ്ക്ക് വേണ്ടി മൂന്നാം ഭാഗം ചെയ്യില്ലെന്ന് അന്നും പറഞ്ഞു. സിനിമ കാണുമ്പോള്‍ മനസിലാകും പൈസയ്ക്ക് വേണ്ടി ചെയ്തതല്ലെന്ന്. നാലാം ഭാഗം വരുമോ എന്നറിയില്ല. മൂന്നില്‍ നിന്നും നാലിലേക്ക് പോകാന്‍ സാധ്യതകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടാകാം. പക്ഷെ ആ സാധ്യതകള്‍ എനിക്ക് കിട്ടിയിട്ടില്ല.
ദൃശ്യം 2 കഴിഞ്ഞപ്പോഴും മൂന്നാം ഭാഗത്തിനുള്ള സാധ്യത എനിക്ക് കിട്ടിയിട്ടില്ലായിരുന്നു. സാധ്യത ഉണ്ടോയെന്ന് ചോദിച്ചാല്‍ മൂന്ന് വന്നെങ്കില്‍ ഇങ്ങനെയൊക്കെ അവസാനിച്ചാല്‍ നല്ലതായിരിക്കുമെന്ന് വന്നു. അങ്ങനൊരു സാധ്യത വന്നപ്പോള്‍ മാത്രമാണ് ബ്ലോക്ക് ചെയ്തത്...''