/sathyam/media/media_files/2025/08/07/e0502e79-bf8d-430c-af34-2e5a2481502b-1-2025-08-07-14-48-27.jpg)
ശ്വേതാ മേനോനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും അരിയാഹരം കഴിക്കുന്ന ആര്‍ക്കും അതിന് പിന്നിലാരാണെന്ന് മനസിലാകുമെന്നും നടി സീമ ജി. നായര്‍. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു പ്രതികരണം.
''നമസ്‌കാരം, ഇന്നലെ വളരെയേറെ വിഷമം ഉണ്ടാക്കിയ ഒരു പ്രശ്‌നം ആണ് ആരുടെയോ സ്വാര്‍ഥ താല്‍പര്യംകൊണ്ട് പൊങ്ങി വന്നത്. എന്തിനു വേണ്ടി, ആര്‍ക്കുവേണ്ടി എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം തന്നെയുണ്ട്.
അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അത് മനസിലാകും. എല്ലാം തകര്‍ത്തേ അടങ്ങൂ എന്ന പിടിവാശിയാണ് ചിലര്‍ക്ക്. എത്ര മോശമായാണ് ആ കുട്ടിയെക്കുറിച്ച് പറഞ്ഞത്.
25 വര്‍ഷത്തിന് മുന്നേ 'കയം' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരുമിച്ചു കുറെ ദിവസങ്ങള്‍, അന്ന് തുടങ്ങിയ സ്‌നേഹം. എന്നും ഫോണ്‍ ചെയ്‌തോ, കണ്ടോ ഉള്ള ബന്ധം അല്ല. ആദ്യമായി കണ്ട അന്നുമുതല്‍ ഒരേ രീതിയില്‍ ഇടപെടുന്ന ചുരുക്കം ചിലരില്‍ ഒരാള്‍.
അവരെക്കുറിച്ച് എത്ര വൃത്തികെട്ട രീതിയിലാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. അവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍, അവര്‍ കുട്ടികളെ വഴി തെറ്റിക്കുന്ന വീഡിയോസ് ചെയ്യുന്നു. അയ്യോ കേട്ടാല്‍ അറയ്ക്കുന്ന വിവരങ്ങള്‍.
കളിമണ്ണോ, പാലേരി മാണിക്യമോ, കയമോ, കാമസൂത്രയോ എന്തും ആയിക്കോട്ടെ. അതെല്ലാം നിയമ വിധേയമായി സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ റിലീസ് ചെയ്തവ.
ഇനി അടുത്തത് പോണ്‍ സൈറ്റില്‍ വിഡിയോസ് ഉണ്ടെന്ന്. ആര്‍ക്കും ആരുടെ വീഡിയോയും മോര്‍ഫ് ചെയ്തിടാമെന്ന ഈ കാലഘട്ടത്തില്‍, ബാന്‍ ചെയ്ത സൈറ്റില്‍ പോയി (മാര്‍ട്ടിന്‍ എന്ന ആള്‍ക്ക് മാത്രം ഇത് കാണാം) ഇതൊക്കെ കണ്ടു എന്ന് പറയുമ്പോള്‍.
ഏതു പൂട്ടും തുറക്കാവുന്ന ഒരു മഹാനാണോ ഇതെന്ന് അത്ഭുതപ്പെട്ടുപോയി. ബാന്‍ ചെയ്ത സാധനങ്ങള്‍ തുറന്നു കൊടുക്കാന്‍ കഴിവുള്ള ആള്‍ക്കാര്‍ ഇവിടെ ഉള്ളിടത്തോളം മാര്‍ട്ടിന്‍ വിഷമിക്കണ്ട കാര്യം ഇല്ലല്ലോ. 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തു മത്സരിക്കുന്നു എന്ന തെറ്റാണു ശ്വേത ചെയ്തത്. കുക്കു പരമേശ്വരനും ആ ഒരു തെറ്റാണു ചെയ്തത്.
ഏതു നീതിപീഠം വരെ പോയാലും അര്‍ഹിക്കുന്ന ശിക്ഷ ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വാങ്ങികൊടുക്കണം. ആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങളായി ശ്വേതയും കുക്കുവും മാറരുത്. ഒരു സ്ഥാനത്തിന് വേണ്ടി എന്ത് ചീഞ്ഞ കളിയും കളിക്കുന്നവര്‍ കളിക്കട്ടെ.
പക്ഷേ നിങ്ങള്‍ ജയിച്ചേ ആവണം.. മറ്റൊന്നും കൊണ്ടല്ല അത്രയും മനസ് വിഷമിക്കുന്ന കാര്യങ്ങളാണ് ഓരോ നാളിലും പുറത്തു വരുന്നത്. ഇനിയെല്ലാം വരുന്നിടത്തു വച്ച് കാണാം. ധൈര്യമായി മുന്നോട്ടു പോകുക... മുന്നോട്ടുപോയെ പറ്റൂ...''