എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, എപ്പോഴും പുള്ളിയുടെ യഥാര്‍ത്ഥ സ്വഭാവം ഞാന്‍ മറന്നു പോകും, അപ്പോഴെങ്ങാനും മുകേഷേട്ടനെ എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കാണിച്ചുകൊടുത്തേനേ: ഉര്‍വശി

"എല്ലാവരും എല്ലാ പടങ്ങളിലും കാണും. എല്ലാവര്‍ക്കും എല്ലാവരുടെയും കുടുംബ കാര്യങ്ങള്‍ വരെ അറിയാമായിരുന്നു"

author-image
ഫിലിം ഡസ്ക്
New Update
424242

തേരി മേരി എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് പരിപാടിയില്‍ 'ഒരു സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നടന്‍ മുകേഷുമായുണ്ടായ രസകരമായ അനുഭവം പങ്കുവച്ച് നടി ഉര്‍വശി. 

Advertisment

''എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി. ഞാന്‍ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്. അന്നൊക്കെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള പടങ്ങള്‍ ആയിരുന്നു അധികവും. 

എല്ലാവരും എല്ലാ പടങ്ങളിലും കാണും. എല്ലാവര്‍ക്കും എല്ലാവരുടെയും കുടുംബ കാര്യങ്ങള്‍ വരെ അറിയാമായിരുന്നു. സിബിഐ ഡയറികുറിപ്പ് എന്നൊരു സിനിമ. ആ സിനിമയില്‍ കൊറേ പേരുണ്ടായിരുന്നു.

അപ്പോള്‍ മുകേഷേട്ടന്‍ ഒറ്റയ്ക്ക് ഒരു സ്ഥലത്ത് പോയി ഇങ്ങനെ ഇരിക്കുകയാണ്. ഒരു പേനയും ഒരു പേപ്പറും എടുത്ത് ഇങ്ങനെ ആലോചിച്ചു ഇരിക്കുകയാണ്. ഞാന്‍ ചോദിച്ചു എന്താ മുകേഷേട്ട ഇങ്ങനെ ഇരിക്കുന്നതെന്ന്. എന്നോട് പറഞ്ഞു എനിക്കൊരു പാട്ട് ഒക്കെ എഴുതാന്‍ ആഗ്രഹമുണ്ടെന്നും എല്ലാവരും പക്ഷേ എന്നെ കളിയാക്കുകയാണെന്നും.

ഉര്‍വശിക്ക് അറിയാലോ, നമ്മുടെയൊക്കെ നാടക കുടുംബമല്ലേ എനിക്ക് പാട്ടൊക്കെ എഴുതണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവരൊക്കെ കളിയാക്കുന്നു, മുകേഷിന് പാട്ടെഴുതാന്‍ ഒന്നും കഴിവില്ല. വയലാര്‍ ആണ് വിചാരം എന്നൊക്കെ പറയും. അപ്പോള്‍ ഉടനെ എനിക്ക് സെന്റിമെന്റ്‌സ് വരും. ഞാന്‍ ചോദിച്ചു ആര് പറഞ്ഞു ഇതൊക്കെ, മുകേഷേട്ടന്‍ ധൈര്യമായി എഴുതിക്കോ ഞാനുണ്ട് കൂടെ എന്നൊക്കെ പറഞ്ഞു.

y789789879

ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആളായിട്ട് അങ്ങനെ നില്‍ക്കുകയാണ്. അപ്പോഴും പുള്ളിയുടെ യഥാര്‍ത്ഥ സ്വഭാവം എന്നോട് മറന്നുപോയി. പിന്നെയും പിന്നെയും ഞാന്‍ പറ്റിക്കപ്പെടുകയാണ്. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളി എഴുതിയത് എനിക്ക് കാണിച്ചു തന്നു. 'തിരുനെല്ലി കാട് പൂത്തു, തിന തിന്നാന്‍ കിളി വന്നു' എന്നൊക്കെയായിരുന്നു വരികള്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് ഗംഭീരമാണല്ലോ എന്ന്. പുള്ളി തന്നെ ഒരു ട്യൂണും ഇട്ട് തന്നു.

ഞാന്‍ സെറ്റില്‍ എല്ലാവരോടും ഓടി നടന്ന് ഇതിനെക്കുറിച്ച് പറയുകയാണ്. മുകേഷേട്ടന്റെ പാട്ട് സൂപ്പറാണ്. പക്ഷേ ബാക്കിയുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നു ഇതിന്റെ കള്ളകളി. ബഹുദൂര്‍ ഇക്ക മാത്രം പറഞ്ഞു എന്നോട് പോയി അടുത്ത ഡയലോഗ് പഠിക്കാന്‍ നോക്ക്, അല്ലാതേ മുകേഷിന്റെ പാട്ട് നോക്കാതെ എന്നൊക്കെ. എന്നിട്ടും എനിക്കൊന്നും മനസിലായില്ല.

പിന്നെ എറണാകുളത്തേക്ക് ഷൂട്ടിന് പോവുകയായിരുന്നു വണ്ടിയില്‍. കുട്ടപ്പനായിരുന്നു ഡ്രൈവര്‍. കരുണാകരന്‍ സാറിന്റെ ഒക്കെ പൈലറ്റ് ആയിരുന്ന കുട്ടപ്പന്‍. പുള്ളി വണ്ടിയില്‍ കാസറ്റ് ഇട്ട് പാട്ടുവച്ചു. അപ്പോഴതാ മുകേഷേട്ടന്‍ എഴുതിയ പാട്ട്. കുട്ടപ്പനാണ് പറഞ്ഞത് അത് ജോഷി സാറിന്റെ സിനിമയില്‍ മുകേഷേട്ടന്‍ അഭിനയിച്ച പാട്ടാണെന്ന്. അപ്പോഴെങ്ങാനും പുള്ളിയെ എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കാണിച്ചുകൊടുത്തേനേ...'' 

 

Advertisment