''പിരിയാന്‍ ഞാനും ലാലും ഒരുമിച്ചാണ് തീരുമാനിച്ചത്, പരമ രഹസ്യമായിരിക്കണം, ഭാര്യമാരോട് പോലും പറയാന്‍ പാടില്ലെന്നും ഞങ്ങള്‍ ഉറപ്പിച്ചു, ആ സമയത്ത് അഭിമുഖീകരിച്ച ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു, പല അഭ്യൂഹങ്ങളുമുണ്ടായി, ഒന്നിനും മറുപടിയോ വിശദീകരണമോ ഞങ്ങള്‍ കൊടുത്തില്ല, ആ തീരുമാനം നല്ലതാണെന്ന് കാലം തെളിയിച്ചതുമാണ്''

അന്ന് പത്രമിറങ്ങി കഴിഞ്ഞ് വീടുകളിലേക്ക് വിളിയായി. ഞങ്ങള്‍ തിരിച്ചു വന്നു. എന്നാല്‍, വീട്ടില്‍ താമസിക്കാതെ മാറി മറ്റിടങ്ങളില്‍ താമസിച്ചു.

New Update
siddique 345

മലയാളി പ്രേക്ഷകര്‍ക്ക് ഗംഭീര സിനിമകള്‍ സമ്മാനിച്ച കൂട്ടുക്കെട്ടായിരുന്നു സിദ്ദീഖിന്റെയും ലാലിന്റെയും. പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച നിരവധി ഹിറ്റുകളായിരുന്നു ഇരുവരും തീര്‍ത്തത്. എന്നാല്‍, ഒരു ദിവസം ഇവര്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത സിനിമാ ലോകവും പ്രേക്ഷകരും ഞെട്ടലോടെയാണ് കേട്ടത്. ഇതേക്കുറിച്ച് മുമ്പ് സഫാരി ടി.വിയിലെ 'ചരിത്രം എന്നിലൂടെ' സിദ്ദീഖ് മനസ് തുറന്നതിങ്ങനെ...

Advertisment

''കാബൂളി ബാലയ്ക്കു ശേഷം ഞങ്ങള്‍ മമ്മൂക്കയുമായുള്ള ഒരു സിനിമയാണ് ചെയ്യാനിരുന്നത്. അതിനു ശേഷമാണ് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത്. പിരിഞ്ഞ വാര്‍ത്ത അന്ന്  വലിയ സംഭവമായി. പിരിഞ്ഞതിന്റെ കാരണം ഞാന്‍ പറയുന്നില്ല. കാരണം അതിനൊന്നും ഇവിടെ പ്രസക്തിയില്ല. അതൊക്കെ നല്ലതിനായിരുന്നെന്ന് കാലം തെളിയിച്ചതുമാണ്.

എന്നാല്‍, ആ സമയത്ത് ഞങ്ങള്‍ അഭിമുഖീകരിച്ച ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ചോദ്യങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് എന്താ കാരണമെന്നായിരുന്നു. അതിന് ഞങ്ങള്‍ അന്നും ഇന്നും ഉത്തരം പറയാന്‍ തീരുമാനിച്ചിട്ടില്ല. എനിക്കും ലാലിനും അത് ഞങ്ങളോട് കൂടി തീരട്ടെയെന്നായിരുന്നു.  

മയൂര പാര്‍ക്കിന്റെ 205-ാം റൂമിലിരുന്നാണ് ഞാനും ലാലും പിരിയാന്‍ തീരുമാനിക്കുന്നത്. ഞാന്‍ ലാലിനോട് പറഞ്ഞു. ഇത് പരമ രഹസ്യമായിരിക്കണം, ആരോടും പറയരുത്. അന്ന് മനോരമ പത്രത്തില്‍ ഫിലിം പേജ് വരുന്നത് വ്യാഴമോ, വെള്ളിയോ മറ്റോ ആണ്. ഇത് വെള്ളിയാഴ്ചത്തെ പത്രത്തില്‍ വരണം. പത്രത്തില്‍ വന്നശേഷമേ ഇതു ഭാര്യമാരോട് പോലും പറയാന്‍ പാടുള്ളൂവെന്ന് ഞങ്ങള്‍ തീരുമാനിച്ചു. വളരെ രഹസ്യമായി സൂക്ഷിച്ചു. 

മനോരമയിലെ ജേക്കബ് ചേട്ടന്‍ ഞങ്ങളുടെ ഇന്റര്‍വ്യൂ മുമ്പ് എടുത്തിട്ടുണ്ട്. ഞങ്ങള്‍ പുള്ളിയെ വിളിച്ചു. പുള്ളി  വരാമെന്ന് പറഞ്ഞു. ഞങ്ങള്‍  പിരിയുകയാണെന്ന് എഴുതി. എന്നിട്ട് ഇത്രയും വന്നാല്‍ മതി ചേട്ടാ എന്നു പറഞ്ഞു. അദ്ദേഹം അതു വായിച്ചിട്ട് ഞെട്ടി. എന്താ ഇതിന്റെ ആവശ്യം, അതൊന്നും വേണ്ടാ നിങ്ങള്‍ പിരിയുവൊന്നും വേണ്ടെന്ന് അദ്ദേഹം എതിര്‍ത്തു.

എന്നാല്‍, ഞങ്ങള്‍ പിരിയാന്‍ വേണ്ടിയല്ല, ഇത് പിരിയേണ്ടതാണ്. രണ്ടു പേരുടെയും നല്ലതിനാണ്. തീരുമാനം മാറില്ല. രണ്ടുപേരും നന്നായി ആലോചിച്ചിട്ടാണെന്ന് പറഞ്ഞു. ഞാനിത് കൈയ്യില്‍ വയ്ക്കാം, കൊടുക്കുന്നയന്ന് വൈകിട്ട് ഞാന്‍ ഒന്നൂടെ വിളിക്കും. മനസ് മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കും. മനസ് മാറി  അതു കൊടുക്കണ്ടെന്ന് നിങ്ങള്‍ പറയണമെന്നു പറഞ്ഞ് അദ്ദേഹം പോയി. അതപോലെ അദ്ദേഹം അന്നു വിളിച്ചു; കൊടുത്തോളാന്‍ ഞങ്ങള്‍ പറഞ്ഞു.

പ്രിന്റ് ചെയ്യാന്‍ രണ്ടു ദിവസം മുമ്പ് കൊടുക്കണം. കൊടുത്തു കഴിഞ്ഞ് എനിക്ക് ചെറിയ ടെന്‍ഷന്‍. ഞാന്‍ ലാലിനെ വിളിച്ചു. നമ്മള്‍ ഈ കാര്യം ഫാസില്‍ സാറിനോടും പറയണമായിരുന്നു. ഫാസില്‍ സാറും പത്രത്തില്‍ നിന്നറിയുന്നത് മോശമാണ്. അതുകൊണ്ട് നമുക്ക് ഉടന്‍ മദ്രാസിന് പോകണം. അദ്ദേഹം അവിടെ ഏതോ സിനിമയുടെ എഡിറ്റിങ്ങിലാണ്. അപ്പോള്‍ ട്രെയിനിന്റെ സമയം കഴിഞ്ഞു. ഫ്‌ളൈറ്റില്ല. ഞങ്ങള്‍ ഇരുവരും കാറില്‍ പേകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ മദ്രാസില്‍ ചെന്നു. 

ഞങ്ങള്‍ വ്യാഴാഴ്ച  രാവിലെയെത്തി ഫാസില്‍ സാറിനോട് വിവരങ്ങള്‍ പറഞ്ഞു. ഫാസില്‍ സാര്‍ ഉടന്‍ ചാടിയെണീറ്റ് 'എന്താണ് നിങ്ങള്‍ വിഡ്ഢിത്തരം പറയുന്നത്. അതൊന്നും വേണ്ട, അതു ക്യാന്‍സല്‍ ചെയ്യ്. ഞാന്‍ മനോരമയില്‍ വിളിച്ചു പറയാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അദ്ദേഹം വിളിച്ചപ്പോള്‍ അത് പ്രിന്റായി പോയെന്ന് പറഞ്ഞു. അദ്ദേഹം വിളിച്ച് ക്യാന്‍സല്‍ ചെയ്യുമെന്നതിനാലാണ് ഞങ്ങള്‍ അതു അദ്ദേഹത്തോട് പറയാന്‍ ലാസ്റ്റ് മൊമന്റിലേക്ക് വച്ചതും. പിറ്റേന്ന് ഞങ്ങള്‍ മദ്രാസില്‍ തന്നെ നിന്നു. 

അന്ന് പത്രമിറങ്ങി കഴിഞ്ഞ് വീടുകളിലേക്ക് വിളിയായി. ഞങ്ങള്‍ തിരിച്ചു വന്നു. എന്നാല്‍, വീട്ടില്‍ താമസിക്കാതെ മാറി മറ്റിടങ്ങളില്‍ താമസിച്ചു. ഒരു പത്തു പതിനഞ്ച് ദിവസം കഴിഞ്ഞ് ഇതൊന്നടങ്ങട്ടെയെന്നോര്‍ത്താണ് മാറിയത്. എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറി. പല പല അഭ്യൂഹങ്ങളുണ്ടായി. ഒന്നിനും ഞങ്ങള്‍ മറുപടിയോ വിശദീകരണങ്ങളോ കൊടുക്കാന്‍ പോയില്ല. പിന്നീട് എല്ലാം കെട്ടടങ്ങി''

Advertisment