'സൂത്രവാക്യം' ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്ത് നടന്‍ ഷൈന്‍ ടോം ചാക്കോയും നടി വിന്‍സി അലോഷ്യസും. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇരുവരും.
''അന്നത്തെ പ്രശ്നം എല്ലാവര്‍ക്കും അറിയാമല്ലോ. എനിക്കെന്തുകൊണ്ട് ആ സമയത്ത് അന്നങ്ങനെ ചെയ്യേണ്ടിവന്നു എന്നുള്ളതിന്റെ കാര്യം പറയാം. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയപ്പോള്‍ അത് ആദ്യം പറഞ്ഞത് ഷൈന്‍ ചേട്ടനോടാണ്.
ഞങ്ങള്‍ ഒരു ഇടവകക്കാരാണ്. പിന്നീട് ഷൈന്‍ ചേട്ടനുണ്ടായ ഉയര്‍ച്ചകള്‍ എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പല ഇന്റര്‍വ്യൂകളും കാണുമ്പോള്‍ അദ്ദേഹം ഹൈപ്പര്‍ ആയി തോന്നിയിരുന്നു.
പക്ഷേ, പല നടന്മാരും പറഞ്ഞിട്ടുണ്ട് അദ്ദേഹം പേഴ്സണലി അങ്ങനെയൊരു സ്വഭാവമുള്ള ആളല്ലെന്ന്. വര്‍ഷങ്ങള്‍ ശേഷം ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. അന്നും ഇന്നും മാറ്റമില്ലാത്ത ഒരു കാര്യം, അദ്ദേഹം നല്ലൊരു ആര്‍ട്ടിസ്റ്റാണ് എന്നതാണ്.
ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ എനിക്കറിയില്ല. പക്ഷേ, അന്നുണ്ടായ സംഭവം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാറ്റം കണ്ടിട്ട് അത്രയും ബഹുമാനം എനിക്ക് തോന്നുന്നുണ്ട്...'' - വിന്‍സി പറഞ്ഞു.