തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കി; നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മാതാവിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്

കോടതിയില്‍ വ്യാജ സത്യവാംഗ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയ സംഭവത്തിലുമാണ് നടപടി.

author-image
ഫിലിം ഡസ്ക്
New Update
4d82585c-5622-478c-afc2-ab1e1d9a111c

നടന്‍ നിവിന്‍ പോളിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയ നിര്‍മാതാവ് പി.എ. ഷംനാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കോടതിയില്‍ വ്യാജ സത്യവാംഗ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയ സംഭവത്തിലുമാണ് നടപടി.

Advertisment

വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂണിയറിനായിരുന്നു.

ഇക്കാര്യം മറച്ചുവച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ  അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി തന്റെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കുകയും ചെയ്തുവെന്നാണ് നിവിന്‍ പോളിയുടെ പരാതിയില്‍ പറയുന്നത്. ഫിലിം ചേംബറില്‍ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂര്‍ണ അവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറയുന്നു.

ഈ കേസില്‍ നിവിന്‍ പോളിക്കെതിരെ എഫ്.ഐ.ആര്‍. ഇടാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകളാണ് ഇയാള്‍ ഹാജരാക്കിയത്. തുടര്‍ന്നാണ് കോടതി ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

Advertisment