അഭിനയം നിര്‍ത്തിയാലും ഡാന്‍സ് വിടരുതെന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്ന് നടി മഞ്ജു വാര്യര്‍.
''സ്വന്തം ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചും തന്റെ ആഗ്രഹങ്ങള്‍ മാറ്റിവെച്ചുമായിരുന്നു അച്ഛന്‍ എന്റെയും ചേട്ടന്റെയും പല ആഗ്രഹങ്ങളും നടത്തിത്തന്നത്. അഭിനയം നിര്‍ത്തിയാലും ഡാന്‍സ് വിടരുതെന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞിട്ടുള്ളത്. അത് ഇന്നും ഞാന്‍ മുറുക്കി പിടിച്ചിട്ടുണ്ട്.
അച്ഛന്റെ വിയോഗ ശേഷവും അദ്ദേഹത്തിന്റെ കരുതല്‍ എനിക്ക് ഒപ്പമുണ്ട്. സിനിമയുടെ ലൊക്കേഷനിലേക്കൊന്നും അച്ഛന്‍ വരാറേയില്ല. ഡാന്‍സ് പരിപാടിയുണ്ടെങ്കില്‍ എവിടെയാണേലും അച്ഛന്‍ വന്ന് മുന്നില്‍ത്തന്നെ ഇരിക്കാറുണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/06/28/malayala-actress-manju-warrier-latest-saree-photos-5-2025-06-28-12-28-20.webp)
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണ്. എന്തൊക്കെ വാക്കുകള്‍ കേട്ടാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എപ്പോഴും അവിടെത്തന്നെയുണ്ടാകും. വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ അച്ഛന്‍ ഇല്ലല്ലോ എന്ന തോന്നല്‍ വരിക.
ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴായിരിക്കും. അച്ഛന്‍ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകള്‍. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു. അതിനായി ഓരോ തവണയും അച്ഛന്‍ സ്വരുക്കൂട്ടിയ ആ തുകയ്ക്ക് എന്റെ അച്ഛന്റെ ആഗ്രഹങ്ങളുമുണ്ടാകും അദ്ദേഹം ഇടാന്‍ കൊതിച്ച ഒരു ഉടുപ്പിന്റെയോ കഴിക്കാന്‍ ആഗ്രഹിച്ച ഏതോ വിഭവത്തിന്റെയോ കാണാനാഗ്രഹിച്ച ഏതോ സിനിമയുടെയോ വിലയുണ്ടായിരുന്നിരിക്കണം.
/filters:format(webp)/sathyam/media/media_files/2025/06/28/manju-warrier-2-2025-06-28-12-29-48.jpg)
അതേസമയം, ജീവിതത്തില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ അച്ഛന് ആശങ്ക വന്നിട്ടുണ്ടാകും. ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ ഞാന്‍ തീരുമാനം എടുത്തിട്ടില്ല.
എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിന് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിട്ടുണ്ടാകും.
എനിക്ക് അത്രയ്ക്കൊന്നും മെമ്മറി പവറില്ല. ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഓര്‍ത്തോര്‍ത്ത് വയ്ക്കുന്ന ശീലമില്ല. ഇടയ്ക്ക് ആവശ്യമുള്ള കാര്യങ്ങളും മറന്ന് പോകാറുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് എനിക്കില്ല...''