/sathyam/media/media_files/2025/08/23/896acb2c-eb5e-4bb5-a5bb-1a42beab9c19-2025-08-23-13-17-30.jpg)
മിമിക്രി സംഘടനയില്‍ നിന്ന് നേരിട്ട അവഗണനകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്.
''മിമിക്രി കലാകാരന്മാരുടെ ഒരു സംഘടനയാണ് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍. അതില്‍ നാദിര്‍ഷ പ്രസിഡന്റായപ്പോഴുള്ള ഒരു ജനറല്‍ ബോഡി മീറ്റിംഗില്‍ ഞാന്‍ പങ്കെടുത്തു. വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ നാദിര്‍ഷ കലാഭവനിലുണ്ടായിരുന്ന അഞ്ചോളം താരങ്ങളെ സ്വാഗതം ചെയ്തു.
അതില്‍ ഞാനുണ്ടായിരുന്നില്ല. എന്നെ എന്താ വിളിക്കാത്തതെന്ന് ഒരു സംഘാടകന്‍ നാദിര്‍ഷയോട് ചോദിച്ചു. അയാളെ വിളിക്കണ്ടെന്നായിരുന്നു നാദിര്‍ഷയുടെ മറുപടി.
നടിയെ ആക്രമിച്ച കേസില്‍ ഞാന്‍ ദിലീപിനെ പിന്തുണയ്ക്കാത്ത ദേഷ്യത്തിലായിരുന്നു നാദിര്‍ഷ അങ്ങനെ ചെയ്തത്. ഞാന്‍ ചെയ്ത വലിയ തെറ്റ് അതായിരുന്നു. പൊതുവേദിയില്‍ വച്ചായിരുന്നു ആ സംഭവം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടിനിടോം എന്നെ വിളിച്ചിരുന്നു. പ്രേംനസീറിനെ അപമാനിച്ചെന്ന പേരില്‍ ടിനിടോമിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ലഭിച്ചത്. ഞങ്ങളെ ഗുരുസ്ഥാനത്താണ് കാണുന്നതെന്നാണ് ടിനിടോം അന്ന് പറഞ്ഞത്.
സംഗീത നാടക അക്കാഡമിയുടെ പ്രസിഡന്റ് സ്ഥാനത്ത് നടന്‍ മുരളി അധികാരത്തില്‍ ഇരുന്നപ്പോള്‍, മിമിക്രിയെ കൂടി സംഗീത നാടക അക്കാഡമിയുടെ ഭാഗമാക്കാന്‍ സാധിക്കുമോയെന്ന് ഞാന്‍ ചോദിച്ചിരുന്നു.
എന്നാല്‍ മിമിക്രിയെ കലാരൂപമായി കാണാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് മുകേഷ് അക്കാഡമിയുടെ ചെയര്‍മാനായി വന്നപ്പോള്‍ അത് സാധിച്ചു...''