മൈസൂരു: കാന്താര 1 ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സിനിമ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കി.
ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും ചിത്രീകരണത്തിനുള്ള അനുമതിരേഖകള്‍ സമര്‍പ്പിക്കണമെന്നുമാവശ്യപ്പെട്ട് ഹൊസനഗര തഹസില്‍ദാര്‍ രശ്മിയാണ് സിനിമാസംഘത്തിന് നോട്ടീസ് നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അപകടവിവരങ്ങളും മൂന്നുദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് തഹസില്‍ദാരുടെ നോട്ടീസില്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സിനിമയുടെ തുടര്‍ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച രാവിലെ ശിവമോഗ ജില്ലയിലെ മണി ജലസംഭരണിയിലാണ് സിനിമാ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. അപകടം സംബന്ധിച്ച് നാഗര്‍ ഹോബ്ലിയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ സിനിമാസംഘത്തെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.