/sathyam/media/media_files/2025/08/26/cd231ade-bf5d-449c-9ba3-cca6cccdaef9-2025-08-26-13-48-24.jpg)
രാഹുലിനെതിരെ മുമ്പും ഇത്തരം പരാതികള്‍ താന്‍ കേട്ടിരുന്നെന്നും രാഹുല്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്നും സംവിധായന്‍ അഖില്‍ മാരാര്‍.
''എന്തുകൊണ്ട് അഖില്‍ മാരാര്‍ വിഷയത്തില്‍ പ്രതികരിച്ചില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. ഞാന്‍ പല വിഷയങ്ങള്‍ക്കും അഭിപ്രായം പറയാറുണ്ട്. ചില വിഷയങ്ങള്‍ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാന്‍ വേണ്ടിയുള്ളതാണ്. ചിലത് സത്യത്തെ വളച്ചൊടിച്ചുള്ളവയും. അത്തരം സമയങ്ങളിലാണ് ഞാന്‍ എന്റെ ചിന്തകള്‍ പങ്കുവയ്ക്കാറ്.
അല്ലാതെ എല്ലാ വിഷയങ്ങള്‍ക്കും മറുപടി പറയാറില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ മെസേജ് അയയ്ക്കുന്നതിനെപ്പറ്റി എന്നോടും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ മെസേജ് അയയ്ക്കുന്നത് ഈ രാജ്യത്ത് നിയമപരമായി തെറ്റല്ലാത്തതിനാല്‍ ആ വിഷയം ഞാന്‍ കേട്ട് കളഞ്ഞു.
പക്ഷേ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളവരുണ്ട്. പുള്ളി എന്താണ് ഉദ്ദേശിക്കുന്നതെന്നുള്ള സംശയങ്ങളൊക്കെവച്ചുകൊണ്ടാണ് ഒന്നിലധികം ആളുകള്‍ പറഞ്ഞത്. ബിഗ് ബോസിന്റെ ഓഡീഷന്‍ സമയത്ത് ചില പെണ്‍കുട്ടികള്‍ക്ക് പ്രശ്‌നമുണ്ടായതായി ഞാന്‍ പറഞ്ഞത് ബിഗ് ബോസില്‍ സ്ത്രീകള്‍ പോകുന്നത് കിടന്നുകൊടുത്തിട്ടെന്ന രീതിയില്‍ അതിനെ വളച്ചൊടിച്ചു. കുറച്ച് കുട്ടികള്‍ക്ക് മോശമായ അനുഭവമുണ്ടായെന്നാണ് ഞാന്‍ പറഞ്ഞത്.
അതുപോലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുണ്ട്, അയാളുടെ സ്വഭാവം ശരിയല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ സ്വാഭാവികമായും നിങ്ങള്‍ പറയും രാഹുലിനോടുള്ള അസൂയ കൊണ്ടാണെന്ന്. വളര്‍ന്നുവരുന്ന ചെറുപ്പക്കാരെനെ എന്തിന് തകര്‍ക്കാന്‍ നോക്കുന്നതെന്നും നിങ്ങള്‍ ചോദിക്കും. അതുകൊണ്ടുതന്നെ നിയമപരമായി ഒരു പെണ്‍കുട്ടിയും കേസിന് പോകാത്തിടത്തോളം കാലം ഇതൊന്നും പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്തിട്ട് വലിയ കാര്യമൊന്നുമില്ല.
നിയമപരമായി ആരും പോയിട്ടില്ലെങ്കില്‍പ്പോലും കോണ്‍ഗ്രസ് ഏറ്റവും മഹത്തായ തീരുമാനമെടുത്ത സമയത്ത് അവരെ അഭിനന്ദിക്കുകയല്ലാതെ മറ്റൊന്നും ഇതില്‍ പറയാനില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന പദവി കേരളത്തിലെ ഏതൊരു യുവ നേതാവിനെ സംബന്ധിച്ചും സ്വപ്നതുല്യമായ സ്ഥാനമാണ്.
ആ പദവിയുടെ വലിപ്പം മനസിലാക്കി, അല്ലെങ്കില്‍ എം.എല്‍.എയാകാന്‍ വേണ്ടി വര്‍ഷങ്ങളായി ആഗ്രഹിച്ച്, മത്സരിക്കാന്‍ പോലുമാകാതെ പോയ എത്രയോ നേതാക്കന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയിരിക്കെ വളരെ ചെറിയ പ്രായത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ ആളാണ് രാഹുല്‍.
എനിക്കുതന്നെ വ്യക്തിപരമായി അറിയാവുന്ന നിരവധി യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കന്മാരേക്കാളും മുകളില്‍ രാഹുലിന് എത്തിച്ചേരാനായത് സംസാരിക്കാനുള്ള കഴിവും ആര്‍ജ്ജവത്തോടുകൂടി ഇടതുപക്ഷത്തെ ആക്രമിക്കാനുള്ള കഴിവും കൊണ്ടായിരുന്നു.
രാഹുല്‍ ഉയരങ്ങളിലേക്ക് പോയത് രാഹുലിന്റെ കഴിവുകൊണ്ടും അതേ ഉയരത്തില്‍ നിന്ന് താഴേക്ക് വീണത് രാഹുലിന്റെ കഴുവേറിത്തരം കൊണ്ടുമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കുറഞ്ഞപക്ഷം താനിരിക്കുന്ന പദവിയുടെ വലിപ്പം മനസിലാക്കി, ഭാവി സാദ്ധ്യതകള്‍ മനസിലാക്കി, വളര്‍ന്നുമുന്നോട്ടുപോയിക്കഴിഞ്ഞാല്‍ കേരളത്തില്‍ മന്ത്രി, മുഖ്യമന്ത്രിയൊക്കെ ഭാവിയില്‍ ആകാന്‍ സാധ്യതയുള്ള സ്ഥാനത്തുനിന്ന്, പടുമരണം എന്നൊക്കെ പറയുമ്പോലെ സംഭവിച്ചു.
എതിരാളികള്‍ ആക്രമിച്ചത് അല്ലെങ്കില്‍ ശത്രുക്കള്‍ പിന്നില്‍ നിന്ന് കുത്തിയതാണ് വീഴാന്‍ കാരണമെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് രാഹുല്‍ ഒരു നിമിഷം ചിന്തിക്കണമായിരുന്നു. തന്റെ സ്വഭാവ ദൂഷ്യം, അത് നിയമപരമായി കുറ്റമാണോയെന്ന് ചോദിച്ചാല്‍ നിയമപരമായി കുറ്റമൊന്നുമല്ല.
രാഹുലിനെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള എത്രപേര്‍ കേരളത്തിലുണ്ടെന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ളയാള്‍ക്കും ഹൃദയത്തില്‍ തട്ടി വിമര്‍ശിക്കാന്‍ പറ്റണമെന്നില്ല. എപ്പോഴൊക്കെയോ നമ്മളൊക്കെ നമ്മളോട് അടുപ്പമുള്ളയാളുകളോട് തുറന്നുസംസാരിക്കുന്ന സമീപനം കാണിച്ചിട്ടുണ്ട്.
അതല്ലായിരുന്നു ഇവിടത്തെ പ്രശ്‌നം. തന്റെ പദവി മനസിലാക്കാതെ, സ്ത്രീകളെ ശരീരം മാത്രമായിക്കണ്ട് പെരുമാറാന്‍ ശ്രമിച്ചതാണ് രാഹുലിന് പറ്റിയ തെറ്റ്. ഇവിടെ കാതലായ ഒരു ചോദ്യമുണ്ട്. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഏതൊരു വീട്ടിലേക്കും അവന് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്.
തന്റെ രക്ഷകനായി വീട്ടിലേക്ക് വരുന്ന എം.എല്‍.എ, അല്ലെങ്കില്‍ നേതാവ് ഈ വീട്ടില്‍ വന്നുകയറി ഭാര്യ, അമ്മ, മകള്‍ ഇവരോടൊക്കെ പെരുമാറുന്ന രീതി എപ്രകാരമാണെന്ന് സംശയം പൊതുജനങ്ങള്‍ക്കുണ്ടായി. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് പ്രസ്ഥാനം ഇത്രയും ധീരമായ നടപടി സ്വീകരിക്കാന്‍ കാരണം...''