പ്രസിഡന്റായി മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലേ? ബിഗ് ബോസില്‍നിന്ന് ശ്വേത പുറത്തു പോയത് കല്ലുവച്ച നുണകള്‍ ആവര്‍ത്തിച്ച് പറഞ്ഞതിനാലാണ്, സംഘടനയുടെ തലപ്പത്ത് ജഗദീഷ് വരണം: ആലപ്പി അഷറഫ്

"അയാളുടെ ജീവിതം സത്യസന്ധമായിരിക്കണം. ഇടപെടലുകള്‍ മഹത്വമുള്ളതാകണം"

author-image
ഫിലിം ഡസ്ക്
New Update
9276504c-924c-4c65-a8c0-9e2c5e8d0bdd

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി ശ്വേത മേനോന്‍ കല്ലുവെച്ച നുണകള്‍ ആവര്‍ത്തിച്ചു പറയുന്ന ആളാണെന്നും വിവാദ നായികയാണെന്നും ആലപ്പി അഷറഫ് പറയുന്നു. 

Advertisment

''കടുത്ത മത്സരത്തിലേക്ക് കടന്നിരിക്കുകയാണല്ലോ അമ്മയുടെ പൊന്നുമക്കള്‍. ഒരു നേതാവ്, നയിക്കേണ്ടയാള്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും വാക്കുകളും ധാര്‍മികമായിരിക്കണം.

അയാളുടെ ജീവിതം സത്യസന്ധമായിരിക്കണം. ഇടപെടലുകള്‍ മഹത്വമുള്ളതാകണം. ഇത്തരം ഗുണങ്ങളാല്‍ സമ്പന്നനായ ഒരാളായിരിക്കണം അമ്മയുടെ തലപ്പത്ത് വരേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സംഘടന വീണ്ടുമൊരു പതനത്തിലേക്ക് കൂപ്പു കുത്തും.

ഏറ്റവും മര്‍മപ്രധാനമായ പദവി പ്രസിഡന്റിതോണ്. മോഹന്‍ലാല്‍ ഒഴിഞ്ഞ പദവി. ഓരോ അംഗവും വളരെ ഗൗരവ്വമായി ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഇവിടെ നിങ്ങളുടെ തീരുമാനം തെറ്റിയാല്‍ സംഘടനയുടെ പതനം മാത്രമല്ല, നൂറ് കണക്കിന് പേര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും മറ്റും ഇല്ലാതാകും. അതിനാല്‍ ഇച്ഛാശക്തിയും കാര്യഗൗരവ്വവും സംഘടനാപാഠവവുമുള്ള ഒരാള്‍ അമ്മയെ നയിക്കണം.

പ്രസിഡന്റ് സ്ഥാനം ഒഴിച്ചാല്‍ മറ്റ് സ്ഥാനങ്ങളിലേക്ക് പലരും യോഗ്യരുമാണ്. എല്ലാവര്‍ക്കും അവരുടേതായ കഴിവുകളുമുണ്ടാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്ന ആള്‍ നല്ല കഴിവുള്ള ഒരാളാണെങ്കില്‍ മറ്റു കുറവുകളൊക്കെ അദ്ദേഹത്തിന് പരിഹരിച്ചു മുന്നോട്ടു പോകാന്‍ സാധിക്കും. 

നടി മാലാ പാര്‍വതി പറയുന്നു പൊതുസമൂഹത്തിനു മുന്നില്‍ ജഗദീഷിന് ഹീറോ ഇമേജ് ഉണ്ട്. അയാള്‍ പൊതുസമ്മതനുമാണ്. പക്ഷേ 'അമ്മ' അംഗങ്ങള്‍ക്കിടയില്‍ അങ്ങനെയല്ല. പൊതുസമ്മതനും ഹീറോ ഇമേജും ഉള്ള ഒരാള്‍ സംഘടനയുടെ തലപ്പത്ത് വരുന്നതല്ലേ അഭികാമ്യം. ജഗദീഷിനെതിരെ ഒരു കുറ്റം ചികഞ്ഞെടുത്തത് അദ്ദേഹം സംഘടനാ പ്രതിനിധിയായിരുന്നപ്പോള്‍ സഹായിക്കുന്നു എന്ന രീതിയില്‍ പ്രവൃത്തിച്ചിട്ട് വാക്കുമാറിയ ഒരാളാണ് എന്നതാണ്. ഇതാണ് മാലാ പാര്‍വതിയുടെ ഒരു ആരോപണം.

ജഗദീഷ് പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കട്ടെ പുഴുക്കുത്തുകളൊക്കെ പൊതുസമൂഹത്തിന്റെ മുന്‍പില്‍ വരട്ടെ എന്നായിരുന്നു, ഇതായിരിക്കണം ഒരുപക്ഷേ മാലാ പാര്‍വതിയെ ചൊടിപ്പിച്ചത്.

പ്രസിഡന്റായി മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലേ? എന്തുകൊണ്ടാണ് ശ്വേതാ മേനോന് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ നിന്നും പുറത്തു പോകേണ്ടി വന്നത്?

കല്ലു വച്ച നുണകള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞതിന്റെ പേരിലാണ്. അത് കണ്ടുപിടിച്ച് തെളിവ് സഹിതം പുറത്തു കൊണ്ടുവന്നത് നമ്മളാരുമല്ല. സാക്ഷാല്‍ 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ആണ്. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് നേതൃസ്ഥാനത്തേക്ക് വരുന്ന ആള്‍ക്ക് വേണ്ട ഏറ്റവും വലിയ ക്വാളിറ്റി വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധത പുലര്‍ത്തുക എന്നത്.

ഏത് പ്രശ്‌നത്തില്‍ ഇടപെട്ടാലും വിവാദം കൂടപ്പിറപ്പാണ് ശ്വേതാമേനോന്. ഇത് അവര്‍ തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളതാണ്. വിവാദങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ 'അമ്മ' സംഘടനയ്ക്ക് ഒരു വിവാദ നായിക കൂടി തലപ്പത്ത് വന്നാലുള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിയാല്‍ നന്നായിരിക്കും.

ഇനി മാലാ പാര്‍വതി പറഞ്ഞ രസകരമായ ഒരു കോമഡിയുണ്ട്. അത് കേട്ട് പലരും ചിരിച്ചു ചിരിച്ച് അവശരും ആയിട്ടുണ്ട്. ഇടവേള ബാബു ഉണ്ടായിരുന്നപ്പോള്‍ നല്ല അച്ചടക്കം ഉണ്ടായിരുന്നു എന്ന്.

ഇടവേള ബാബു ഉണ്ടായിരുന്നപ്പോള്‍ ഉള്ള അച്ചടക്കത്തെ കുറിച്ച് ഒന്ന് പരിശോധിക്കാം. ദിലീപ് മുതല്‍ അങ്ങോട്ട് തുടങ്ങിയാല്‍ വിജയ് ബാബു, സിദ്ദിഖ്, മണിയന്‍ പിള്ള രാജു, ബാബുരാജ്, ജയസൂര്യ, മുകേഷ് കൂടാതെ അച്ചടക്കത്തിന്റെ നേതാവായ ഇടവേള ബാബുവും. ഇവരുടെ എല്ലാം പേരിലുണ്ടായ ആരോപണങ്ങള്‍ വളരെ മര്യാദയോടെയും അച്ചടക്കത്തോടെ സൂക്ഷിച്ചതുകൊണ്ടാകാം അച്ചടക്കത്തിന്റെ വക്താവായി ഇടവേള ബാബുവിനെ കണ്ടത്.

പിന്നെ മാലാ പാര്‍വതിയുടെ മറ്റൊരു അഭിപ്രായം ബാബുവിന്റെ വാക്കുകള്‍ക്ക് വിശ്വാസീയത ഉണ്ടെന്നായിരുന്നു. ആ വിശ്വാസീയതയെ കുറിച്ച് പല കാര്യങ്ങളും ഗണേഷ് കുമാര്‍ പലവട്ടം പലതും വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒരു കാര്യം മാത്രം ഞാന്‍ ഇവിടെ സൂചിപ്പിക്കാം. ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞപ്പോള്‍ ഗണേഷ് കുമാര്‍ എതിര്‍ത്തു എന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കുകയും അത് ചാനലുകളില്‍ എഴുതി കാണിക്കുകയും ചെയ്തു.

എന്നാല്‍ ബിനീഷ് കോടിയേരിയുടെ കാര്യം ചര്‍ച്ച ചെയ്തിരുന്ന മീറ്റിംഗില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഈ വിവരം ഗണേഷ് കുമാര്‍ മനസാവാചാ അറിഞ്ഞതുമില്ല. ഗണേഷ് കുമാറിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള ടിവിയില്‍ ഈ വാര്‍ത്ത കണ്ട് ഗണേഷ് കുമാറിനോട് ചോദിക്കുന്നു നീ ഇവിടെ ഇരിക്കുകയല്ലേ നീ ഇവിടെ ഇരിക്കുമ്പോള്‍ എങ്ങനെയാണ് ആ മീറ്റിംഗില്‍ നീ എതിര്‍ത്തു എന്ന വാര്‍ത്ത വരുന്നത്. ഇതുകണ്ട് ഗണേഷ്‌കുമാര്‍ ക്ഷുഭിതനായി ബാബുവിനെ വിളിക്കുന്നു. അതുവരെ ഗണേഷ്‌കുമാറിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു ഇടവേള ബാബു.

തോന്നുന്നതുപോലെ 'അമ്മ'യില്‍ ചെയ്യാനും പറയാനും ഏകാധിപതിയെ പോലെ പെരുമാറാനും ബാബുവിന്റെ സ്വകാര്യ സ്വത്തല്ല 'അമ്മ' എന്നാണ് ഗണേഷ്‌കുമാര്‍ അന്ന് പറഞ്ഞത്. ഇത്തരം വിഷയങ്ങളൊക്കെ സമയവും സന്ദര്‍ഭവും മാറിയപ്പോള്‍ ഒരുപക്ഷേ മാലാപാര്‍വതി വിസ്മരിച്ചതായിരിക്കാം...''

 

Advertisment