''എന്റെ പ്രണയവിവാഹമായിരുന്നു, വീട്ടില്‍ എതിര്‍പ്പായിരുന്നു, വിവാഹശേഷം കഷ്ടപ്പാടുകളായിരുന്നു, അദ്ദേഹത്തിന് ജോലിയൊന്നുമില്ലായിരുന്നു, പ്രണയിച്ച ആളെത്തന്നെ വിവാഹം കഴിക്കണമെന്ന നിലപാടായിരുന്നു ദാമ്പത്യത്തിലെത്തിച്ചത്''- പൗളി വത്സന്‍

അഭിനയത്തില്‍ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും മുമ്പ് നേടിയിട്ടുള്ള പൗളിക്ക് ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരവും ഇരട്ടി മധുരമായിരിക്കുകയാണ്.

New Update
pouly valsan1

നാടകവേദിയില്‍ നിന്നും സിനിമയിലെത്തിയതാണ് പൗളി വത്സന്‍ അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗിലും കഴിവുണ്ടെന്നും മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരം നേടി താരം തെളിയിച്ചിരിക്കുകയാണ്. സൗദി വെള്ളക്കയില്‍ ദേവി വര്‍മ്മ അവതരിപ്പിച്ച ആയിഷ റാവുത്തറിന് ശബ്ദം നല്‍കിയത് പൗളി വത്സനായിരുന്നു. അഭിനയത്തില്‍ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും മുമ്പ് നേടിയിട്ടുള്ള പൗളിക്ക് ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരവും ഇരട്ടി മധുരമായിരിക്കുകയാണ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി തന്റെ ജീവിത വഴികളെക്കുറിച്ച് പറഞ്ഞതിങ്ങനെ... 

Advertisment

''അഭിനയമാണ് എനിക്ക് അറിയാവുന്ന മേഖല. വേറൊരാള്‍ക്ക് ഡബ്ബ് ചെയ്തിട്ട് അതിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. സൗദി വെള്ളക്കയില്‍ ദേവി വര്‍മ്മയെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഇങ്ങനെയൊരു സിനിമ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ദേവി എന്നെ വിളിച്ചിരുന്നു. 'എനിക്കൊരു സിനിമ വന്നിട്ടുണ്ട്, പോണോടി'യെന്ന് ചോദിച്ചു. ഞാന്‍ നാടകത്തിലുള്ള സമയത്ത് ചേച്ചിയും സജീവമായിരുന്നു. അന്ന് മുതലേയുള്ള പരിചയമാണ്. സിനിമ വന്നാല്‍ എന്തായാലും പോകണമെന്ന് പറഞ്ഞിരുന്നു. ഡബ്ബിംഗ് ചേച്ചിക്ക് ഭയങ്കര പേടിയായിരുന്നു. അത് പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് ഞാന്‍ ധൈര്യം കൊടുത്തിരുന്നു. യാദൃശ്ചികമായാണ് ഞാന്‍ അവര്‍ക്ക് വേണ്ടി ശബ്ദം കൊടുത്തത്.

അമ്മവേഷം തുടക്കം മുതലേ എനിക്കിഷ്ടമാണ്. അതാവുമ്പോള്‍ ചിരിപ്പിക്കാനും കരയിപ്പിക്കാനുമുണ്ടാകുമല്ലോ. ചോദിച്ച് വാങ്ങിക്കുമായിരുന്നു. 19 വയസില്‍ 75കാരിയായി തിലകന്‍ ചേട്ടന്റെ ഭാര്യയായി അഭിനയിച്ചിട്ടുണ്ട്. ബെന്നിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അണ്ണന്‍ തമ്പിയില്‍ അഭിനയിക്കാന്‍ പോയത്. മമ്മൂക്കയുടെ കൂടെയാണ് അഭിനയിക്കാനുള്ളത്, ഡയലോഗൊക്കെയുണ്ടെന്ന് പറഞ്ഞപ്പോഴാണ് പോകാന്‍ തീരുമാനിച്ചത്. ഒരൊറ്റ സീനിനേയുണ്ടായിരുന്നുള്ളുവെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടു.

എന്റെ പ്രണയവിവാഹമായിരുന്നു. വീട്ടില്‍ എതിര്‍പ്പായിരുന്നു. കുട്ടിക്കാലം മുതലേ നല്ല ബോള്‍ഡായിരുന്നു. കാര്യങ്ങളെല്ലാം കൃത്യമായി ചെയ്ത് ചിട്ടയോടെ ജീവിച്ചിരുന്നയാളായിരുന്നു ഞാന്‍. ആരെന്ത് പറഞ്ഞാലും തിരിച്ച് മറുപടി കൊടുക്കുമായിരുന്നു. വിവാഹശേഷം കഷ്ടപ്പാടുകളായിരുന്നു. അദ്ദേഹത്തിന് ജോലിയൊന്നുമില്ലായിരുന്നു. പ്രണയിച്ച ആളെത്തന്നെ വിവാഹം കഴിക്കണമെന്ന നിലപാടായിരുന്നു ദാമ്പത്യത്തിലെത്തിച്ചത് ''- പൗളി പറഞ്ഞു. 

Advertisment