/sathyam/media/media_files/2025/07/26/c9dd822a-a1bf-477c-9622-161f2ba62e89-2025-07-26-15-39-36.jpg)
പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് ധൈര്യത്തോടെ വരണമെങ്കില്‍ പര്‍ദ ധരിക്കേണ്ടി വരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
''ഇപ്പോഴത്തെ ഭാരവാഹികള്‍ ഇരിക്കുന്ന ഈ അസോസിയേഷനില്‍ വരാന്‍ ഏറ്റവും അനുയോജ്യമായ വസ്ത്രം പര്‍ദയാണെന്ന് എന്റെ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ തോന്നിയതുകൊണ്ടാണ് ഇങ്ങനെ ഒരു വേഷത്തില്‍ ഇവിടെ വന്നത്.
ഇതെന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ്. ഞാന്‍ വളരെ ഗൗരവതരമായ ഒരു കുറ്റം ആരോപിച്ച്, പോലീസ് കുറ്റപത്രം നല്‍കി കോടതിയില്‍ ഇരിക്കുന്ന കേസിലെ നാല് പ്രതികള്‍ ഇവിടെ ഭരണാധികാരികളായി തുടരുകയാണ്.
മാത്രമല്ല അടുത്ത ടേമിലേക്ക് ഇവര്‍ തന്നെ സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി മത്സരിക്കുകയുമാണ്. അതിലുള്ള എന്റെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഞാന്‍ ഈ വസ്ത്രം ധരിച്ചിരിക്കുന്നത്. കൂടാതെ ഈ ഭാരവാഹികള്‍ ഇരിക്കുന്ന അസോസിയേഷനിലേക്ക് വരാന്‍ ഈ വസ്ത്രമാണ് അനുയോജ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇവിടം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരിടമല്ല. എന്റെ കൂടെ തന്നെ ഇപ്പോള്‍ മറ്റൊരു സ്ത്രീ നിര്‍മാതാവ് ഉണ്ട്. സ്ത്രീ നിര്‍മാതാക്കള്‍ക്ക് എന്നല്ല, സ്ത്രീകള്‍ക്ക് വരാന്‍ പറ്റുന്ന ഒരിടം അല്ല പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍.
പതിറ്റാണ്ടുകളായി പത്തുപതിനഞ്ചുപേരുടെ കുത്തകയാക്കി വച്ചിരിക്കുന്ന ഒരു അസ്സോസിയേഷനാണ് ഇത്. ഇവിടെ മാറ്റങ്ങള്‍ വരണം. ഏത് സ്ഥലങ്ങള്‍ ആയാലും കുറച്ചുപേര്‍ കൈയടക്കി വച്ചിരുന്നാല്‍ അവിടം മുരടിക്കും. ആ ഒരവസ്ഥയാണ് ഇന്നുള്ളത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇന്ന് എല്ലാ സംഘടനകളില്‍ നിന്നും താഴെയാണ്. ഇങ്ങനെ ഒരവസ്ഥയിലേക്ക് എത്തിച്ചത് ഇപ്പോള്‍ ഇരിക്കുന്ന ഭരണാധികാരികള്‍ ആണ്. ഇവിടെ മാറ്റങ്ങള്‍ സംഭവിച്ചാലേ ഇന്‍ഡസ്ട്രിക്ക് മുഴുവന്‍ മാറ്റമുണ്ടാകൂ.
ഞാന്‍ ഇലക്ഷന് നില്‍ക്കാന്‍ തയാറെടുത്തപ്പോള്‍ അസോസിയേഷനിലുള്ള ഒരുപാടുപേരുമായി സംസാരിച്ചു. ഒരു ഭരണ വിരുദ്ധ വികാരം ഇവിടെ ശക്തമായുണ്ട് എന്നാണ് അതില്‍ നിന്ന് മനസിലായത്.
ഒരു പാനല്‍ ആയി തന്നെയായിരിക്കും മത്സരിക്കുന്നത്. ഇവിടൊരു മാറ്റം വരേണ്ടത് അനിവാര്യമാണെന്ന് നിര്‍മാതാക്കളുടെ സംഘടനയിലുള്ള എല്ലവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. പാനലില്‍ ആരൊക്കെയുണ്ടെന്ന് പതിയെ പറയാം.
എന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത് എന്റെ പിതാവ് തന്നെയാണ്. അദ്ദേഹം ഒരു പ്രൊഡ്യൂസര്‍ തന്നെയാണ്, രണ്ടാമത് നിര്‍ദേശിച്ചിരിക്കുന്നത് ഷീലച്ചേച്ചിയാണ്. ഇപ്പോഴത്തെ ഭരണാധികാരികള്‍ ഇരിക്കുന്ന അസോസിയേഷനിലേക്ക് വരാനാണ് ഞാന്‍ ഈ വസ്ത്രം തെരഞ്ഞെടുത്തത്. അവര്‍ ഇനി തുടരില്ല എന്നുഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, മാറ്റമുണ്ടാകും. നട്ടെല്ലുള്ളവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ള അംഗങ്ങളെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഇതിനെ ഒരു മതത്തിന്റെ ഭാഗമായി ചിത്രീകരിക്കേണ്ട കാര്യമില്ല. ഇതുപോലെയുള്ള ഇടങ്ങളില്‍ വരുമ്പോള്‍ സ്ത്രീകള്‍ക്ക് ധരിക്കാന്‍ ഏറ്റവും അനുയോജ്യമായത് ഈ വേഷമാണ്. ഷീല ചേച്ചി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നില്‍ക്കുന്നുണ്ട്, മറ്റു സ്ത്രീകളും പുരുഷന്മാരും വേറെ സ്ഥാനത്തേക്കുണ്ട്. പുറത്തേക്ക് വന്നു സംസാരിക്കാന്‍ പലര്‍ക്കും ഭയമാണ്.
എനിക്ക് പ്രശ്‌നം ഉണ്ടാകുമ്പോള്‍ എക്സിക്യൂട്ടീവില്‍ ഒരു വനിത ഉണ്ടായിരുന്നു. അവര്‍ എന്നെ ഇങ്ങോട്ട് വിളിച്ച് സംസാരിച്ചിരുന്നു. അവര്‍ എന്നോട് പറഞ്ഞത് എന്റെ നിസഹായാവസ്ഥ മനസിലാക്കണം എന്നാണ്. അവര്‍ പാരമ്പര്യമായി ഈ അസോസിയേഷനിലുള്ള ആളാണ്. എനിക്ക് അവരുടെ അവസ്ഥ മനസിലായി.
ഇത്രയും സീനിയര്‍ ആയ ആളുകളുടെ മുന്നില്‍ പ്രതികരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും. പക്ഷേ വ്യക്തിപരമായി അവര്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. പുരുഷന്മാര്‍ക്ക് ധൈര്യം ഇല്ലാത്ത ഒരിടത്ത് സ്ത്രീകള്‍ക്ക് ധൈര്യം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റല്ലേ. എനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നു പറഞ്ഞപ്പോള്‍ അവര്‍ ചെയ്തത് എന്നെ പുറത്താക്കുകയാണ്.
അത് തെറ്റായ തീരുമാനം ആണെന്ന് പറഞ്ഞ് കോടതി അത് സ്റ്റേ ചെയ്തിട്ടുണ്ട്, ആ കേസ് നടക്കുകയാണ്. ആര് എന്ത് ചോദ്യം ഉന്നയിച്ചാലും അവരെ പുറത്താക്കുക എന്ന രീതിയാണ് ഇവിടെയുള്ളത്.
ഷീല ചേച്ചി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു, അതിനു അവര്‍ക്ക് ഉടനെ ഷോക്കോസ് നോട്ടീസാണ് നല്‍കിയത്, അതിനു അവര്‍ക്ക് വരുന്ന ചെലവ് 35000 രൂപയാണ്, ഓരോ നിര്‍മാതാവിനും അത് സാധ്യമല്ല. അതുകൊണ്ടാണ് പലരും പരാതിയുമായി മുന്നോട്ട് പോകാത്തത്.
നമുക്കുണ്ടാകുന്ന മോശം അനുഭവം അസോസിയേഷനില്‍ പറയുമ്‌ബോള്‍ അവര്‍ പരിഹാസത്തോടെയാണ് കാണുന്നത്. പ്രത്യേകിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍. ലിസ്റ്റിന്‍ ഞാന്‍ പറയുന്നതിനെ കളിയാക്കി പൊതു മാധ്യമങ്ങളില്‍ പറയാന്‍ പോലും പറ്റാത്ത രീതിയിലാണ് പ്രതികരിച്ചത്.
ഞാന്‍ ഇലക്ഷന് നില്‍ക്കുന്നു എന്നറിഞ്ഞ് എനിക്കെതിരെ പല ഭാഗത്തുനിന്ന് മാനനഷ്ട കേസ് വരുന്നുണ്ട്. എന്നും ഈ കസേര കെട്ടിപിടിച്ചുകൊണ്ടിരിക്കുക എന്നത് ശരിയായ കാര്യമല്ല. അവര്‍ മാറിക്കൊടുക്കാന്‍ തയാറാകണം.
ആളുകള്‍ മാറി വന്നെങ്കില്‍ മാത്രമേ പുരോഗതി ഉണ്ടാവുകയുള്ളു. ഈ തവണ ഞാന്‍ പ്രസിഡന്റ് ആയി ജയിക്കുകയാണെങ്കില്‍ അടുത്ത തവണ ഞാന്‍ ഇരിക്കില്ല. പുതിയ ആളുകള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം.
അതിനു സമ്മതിക്കാതെ ഹേമ കമ്മറ്റിയില്‍ പറയുന്ന പവര്‍ ഗ്രൂപ്പിനെ പോലെ ഒരു പത്തുപതിനഞ്ചു പേര് അടക്കി വാഴുന്ന ഒരു അസോസിയേഷന്‍ ആണിത്. എല്ലാ വര്‍ഷവും പാനല്‍ ഉണ്ടാകാറുണ്ട്. ആ പാനലിനു ആണ് ആള്‍ക്കാര്‍ വോട്ട് ചെയ്യുന്നത്, വേറെ ആരും ഇവര്‍ക്ക് എതിരെ നില്‍ക്കുന്നില്ല. നിലവിലുള്ള ആളുകള്‍ തന്നെയാണ് ഇത്തവണയും പത്രിക കൊടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മത്സരിക്കാന്‍ പോലും ആരും മുന്നോട്ട് വരുന്നില്ല.
ഓഗസ്റ്റ് രണ്ടാം തീയതിയാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ഡേറ്റ്, നാലാം തീയതി അന്തിമ പട്ടിക പുറത്തുവിടും. എനിക്കെതിരെ ഇനിയും അവര്‍ ഒളിയമ്ബുകള്‍ അയയ്ക്കും എന്ന് എനിക്കറിയാം. ഈ നോമിനേഷന്‍ തള്ളാനുള്ള എല്ലാ ആസൂത്രണങ്ങളും അവര്‍ നടത്തും എന്നും അറിയാം. എന്നാലും മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം...''